പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘9’. 100 ഡേയ്സ് ഓഫ് ലവ്’ എന്ന ദുൽഖർ ചിത്രമാണ് ജെനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ കൂടിയാണ് ജെനൂസ്. സൈക്കോളജിക്കൾ സയൻസ് ഫിക്ഷൻ ത്രില്ലറാണ് ‘നയൻ’. വാമിക ഗബി, മമ്ത മോഹൻദാസ് എന്നിവരാണ് നായികമാരായി വേഷമിടുന്നത്. ജെനൂസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമക്ക് വേണ്ടി സോണി പിക്ചേഴ്‌സ് എന്റർടൈന്മെന്റ്സ് ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് ‘നയൻ’. ഒരു സംവിധായകനായി ലൂസിഫറിലൂടെ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്, ഒരു നിമ്മാതാവായും സ്വന്തമായി തുടങ്ങിയ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യത്തെ ചിത്രവുമാണ് ‘നയൻ’. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും സോണി പിക്ചേഴ്‌സ് എന്റർടൈന്മെന്റ്സിന്റെയും ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘നയൻ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഏപ്രിൽ 9ന് തിരുവനന്തപുരത്താണ് ‘നയൻ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്, വെറും 9 ദിവസങ്ങൾ മാത്രമായിരുന്നു തിരുവനന്തപുരത്ത് ചിത്രീകരിച്ചത്, പിന്നീട് കോട്ടയം ജില്ലയിൽ സിനിമയുടെ ആദ്യ ഭാഗങ്ങൾ ചിത്രീകരണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യുൾ ഹിമാചൽപ്രദേശിലായിരുന്നു. മലയാള സിനിമകൾ അപൂർവമായാണ് അവിടെ ചിത്രീകരിക്കാറുള്ളത്. ‘നയൻ’ സിനിമയുടെ ഫൈനൽ ഷെഡ്യുൾ ഇടുക്കിയിലെ കുട്ടികാനം ഹിൽ സ്റ്റേഷനിലായിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ പൃഥ്വിരാജ് ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. റെഡ് ജമിനി 5കെ ക്യാമറയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത ഒരു ദൃശ്യാനുഭവം ‘നയൻ’ സമ്മാനിക്കും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. പ്രകാശ് രാജ്, മുകുൾ ദേവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഷാൻ റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്, പഞ്ചാത്തല സംഗീതം ശേഖർ മേനോനാണ് നിർവഹിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. ഈ വർഷം തന്നെ ചിത്രം പ്രദർശനത്തിനെത്തും.