കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ശിക്കാരി ശംഭു’. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് സുഗീതും കുഞ്ചാക്കോ ബോബനും ഒത്തുചേരുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. പുലിവേട്ടക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയേയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ ഫെയിം വിഷ്‌ണു ഉണ്ണികൃഷ്‌ണനും ശിക്കാരി ശംഭുവിൽ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നു. ശിവദ, അൽഫോൻസ എന്നിവരാണ് നായികമാർ.
അനിത എന്ന കഥാപാത്രത്തെയാണ് ശിവദ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ” അനിത-നല്ല ആണത്തമുള്ള പെണ്ണാ’ണെന്നാണ് ശിവദയുടെ കഥാപാത്രത്തെക്കുറിച്ച് ചാക്കോച്ചൻ അവതരിപ്പിക്കുന്ന പീലിപ്പോസ് പറയുന്നത്. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തിനും ചിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കാൻ കഴിയുന്നത്. അനിത എന്ന കഥാപാത്രം മറ്റൊരു എൽസമ്മ ആകുമോ എന്നാണ് ഇപ്പോൾ സിനിമാപ്രേമികളുടെ ആകാംക്ഷ.
എറണാകുളം ജില്ലയിലെ കോതമംഗലത്താണ് പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. പുലിവേട്ടക്കാരെന്ന് അവകാശപ്പെടുന്ന രണ്ട് യുവാക്കൾ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ‘ശിക്കാരി ശംഭു’ നിർമിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിലെത്തും.
അതേസമയം കുഞ്ചാക്കോ ബോബന്റേതായി ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. അദിതി രവി നായികാ വേഷത്തിൽ എത്തുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’യിൽ ശാന്തി കൃഷ്ണ, , ഇന്നസെന്റ് , സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി എന്നിവരും മുഖ്യവേഷത്തിലെത്തുന്നു.