
മലയാള സിനിമ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ചലച്ചിത്രാനുഭവം അവർക്ക് സമ്മാനിച്ച് കൊണ്ട് മുന്നേറുകയാണ് ഷൈൻ ടോം ചാക്കോ നായകനായ വിചിത്രം എന്ന ചിത്രം. ഹൊറർ ചിത്രത്തിന്റെ ഫീലും ത്രില്ലർ ചിത്രത്തിന്റെ ഫീലും പ്രേക്ഷകന് നൽകുന്ന വിചിത്രം അതേ സമയം തന്നെ ഒരു മികച്ച ഫാമിലി ഡ്രാമ കൂടിയായാണ് മുന്നേറുന്നത്. വ്യത്യസ്ത രീതിയിൽ ഉള്ള അവതരണം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. പശ്ചാത്തല സംഗീതം കൊണ്ടും ലൈറ്റിങ് കൊണ്ടും ആഴത്തിൽ ഉള്ള അർത്ഥതലങ്ങൾ നൽകുന്ന ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകരെ ആദ്യാവസാനം തങ്ങളുടെ സീറ്റിൽ പിടിച്ചിരുത്തുന്ന തീയേറ്റർ അനുഭവമാണ് വിചിത്രം നൽകുന്നതെന്ന് അവരുടെ പ്രതികരണങ്ങൾ നമ്മുക്ക് കാണിച്ചു തരുന്നു. ജാസ്മിൻ എന്ന അമ്മയുടേയും, ആ അമ്മയുടെ 5 മക്കളുടേയും, അവരുടെ കുടുംബം നേരിടുന്ന പ്രതിസന്ധികളുടേയും കഥയാണ് വിചിത്രം പറയുന്നത്.
ഈ സിനിമയുടെ അവസാനം മാത്രമാണ് വിചിത്രം എന്ത് തരം ചിത്രമാണ് എന്നുള്ള ഒരു പൂർണ രൂപം പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തുകയുള്ളൂ. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റെന്നും പറയാം. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ ഗംഭീര പ്രകടനം കാഴ്ച വെച്ചപ്പോൾ കനി കുസൃതി, ലാല്‍, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങിയവരും ശ്രദ്ധ നേടുന്നുണ്ട്. ഈ ചിത്രം രചിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രൻ, സംവിധാനം ചെയ്തിരിക്കുന്നത് അച്ചു വിജയൻ എന്നിവരാണ്. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് നിർമ്മിച്ചത്. അർജുൻ ബാലകൃഷ്ണൻ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജുബൈർ മുഹമ്മദാണ്.