സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രമായ മനസ്സിനക്കരെയിലൂടെ ആണ് നയൻതാര ആദ്യമായി നമ്മുക്ക് മുന്നിൽ എത്തിയത്. പ്രശസ്ത നടി ഷീലയും ആ ചിത്രത്തിലെ പ്രധാന വേഷം ചെയ്തിരുന്നു. സൂപ്പർ ഹിറ്റായ ആ ചിത്രത്തിന് ശേഷം മലയാളത്തിൽ അഭിനയിച്ചതിനേക്കാൾ മറ്റു തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ച നയൻതാര ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ്. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള, അത്രയധികം ആരാധകർ ഉള്ള നടി ആണ് ഇന്ന് നയൻതാര. എന്നാൽ ഈ നടിയുടെ ശെരിയായ പേര് നയൻതാരാ എന്നല്ല. ആ പേര് ഈ നടിക്ക് എങ്ങനെ കിട്ടി എന്ന കഥ പറയുന്നത്, മനസ്സിനക്കരെയിൽ നയൻതാരക്കൊപ്പം അഭിനയിച്ച പ്രശസ്ത നടി ഷീല ആണ്.
അന്ന് സിനിമയിൽ വരുമ്പോൾ വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു ആ പുതുമുഖ നായികയുടെ പേര് എന്ന് ഷീല പറയുന്നു. എന്നാൽ ആ പേര് മാറ്റാൻ പോവുകയാണെന്ന് അന്ന് സത്യൻ അന്തിക്കാട് പറയുകയും കുറെ പേരുകളുമായി തന്റേയും ജയറാമിന്റെയും അടുത്ത് വരികയും ചെയ്തു എന്നതും ഷീല ഓർത്തെടുക്കുന്നു. അങ്ങനെ താനും ജയറാമും ചേർന്ന് തിരഞ്ഞെടുത്ത പേരാണ് നയൻതാരാ എന്നതെന്നാണ് ഷീല പറയുന്നത്. നയൻതാര എന്ന് പറയുമ്പോൾ നക്ഷത്രം എന്നാണ് അർഥം എന്നും ഏതു ഭാഷയിൽ പോയാലും ഈ പേര് ഗുണം ചെയ്യുമെന്ന് തങ്ങൾ അന്ന് പറഞ്ഞതും ഷീല ഓർത്തെടുക്കുന്നു. നയൻതാരയുടെ യഥാർത്ഥ പേര് ഡയാന മറിയം കുര്യൻ എന്നാണ്.