പുതുമുഖങ്ങളെ ഏറെ പിന്തുണക്കുന്ന മേഖലയാണ് മലയാളം ഫിലിം ഇൻഡസ്ട്രി. അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ പരിശോധിച്ചാൽ കുറെയേറെ പുതുമുഖ അഭിനേതാക്കളെ കാണാൻ സാധിക്കും. നാളെ റിലീസിന് ഒരുങ്ങുന്ന ടോവിനോ തോമസ് ചിത്രം ‘മറഡോണ’ യിലൂടെ ഒരു പുത്തൻ താരോദയം പിറവിയെടുക്കുകയാണ്.മറഡോണയിലൂടെ തൃപ്പൂണിത്തുറക്കാരി ശരണ്യ ആർ. നായരാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. തുടക്കക്കാരി എന്ന നിലയിൽ ആദ്യ സിനിമയെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയും നിറഞ്ഞു നിൽക്കുണ്ടെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ചിത്രത്തിൽ തിരുവല്ലക്കാരി ഹോം നേഴ്‌സായ ആശ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വായാടിയാണെങ്കിലും നിഷകളങ്കതയുള്ള ഒരു വ്യക്തിയാണ് ആശ. തന്റെ സ്വഭാവവുമായി വളരെ അടുത്തു നിൽക്കുന്ന കഥാപാത്രം തന്നെയാണിത് എന്ന് ശരണ്യ പറയുകയുണ്ടായി.
ചിത്രത്തിലെ തന്റെ ആദ്യ രംഗം ടോവിനോയോടൊപ്പം ഒരു പ്രണയ രംഗമായിരുന്നുവെന്നും താരപദവിയിൽ നിൽക്കുന്ന ആളാണെന്ന ഭാവമൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല എന്ന് ശരണ്യ പറയുകയുണ്ടായി. ഡയലോഗ് പറയുന്ന അവസരങ്ങളിൽ പലപ്പോഴായി ടോവിനോ തന്നെ സഹായിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സിനിമയെ കരിയറാക്കണം എന്ന ആഗ്രഹമുണ്ടെന്നും പ്രേക്ഷകരുടെ പ്രതികരണം അനുസരിച്ചു മാത്രമായിരിക്കും തീരുമാനം എടുക്കുക എന്ന് ശരണ്യ വ്യക്തമാക്കി.
പുതുമുഖം വിഷ്ണു നാരായണനാണ് മറഡോണ സംവിധാനം ചെയ്യുന്നത്. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലിഷോയ്, ചെമ്പൻ വിനോദ് ജോസ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്താർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്.
എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറഡോണ നാളെയാണ് പ്രദർശനത്തിനെത്തുന്നത്. ഗപ്പിയിലെ തേജസ് വർക്കിക്കും മായാനദിയിലെ മാത്തനും ശേഷം എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന ടോവിനോ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും മറഡോണ എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.