![](https://i0.wp.com/onlookersmedia.com/wp-content/uploads/2019/11/shane-nigam-issue-mohanlal-amma-stand.jpg?fit=1024%2C592&ssl=1)
യുവ താരം ഷെയിന്‍ നിഗത്തെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. അതോടൊപ്പം ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ. ചര്‍ച്ചയിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട് എന്നത് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ആയ ഇടവേള ബാബു എന്നിവർ വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹൻലാലും ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത് എന്നും അവർ പറയുന്നു.
ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എടുത്തു പറഞ്ഞും ഷെയിൻ നിഗമിന്റെ ഉമ്മ സുനില അമ്മക്ക് കത്ത് നല്‍കിയ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് താര സംഘടന. ഇപ്പോൾ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിൽ ആണ് മോഹൻലാൽ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുന്നതിനു പകരം ഈ ചിത്രങ്ങൾ പൂർത്തിയാക്കുന്ന രീതിയിൽ ഈ വിഷയത്തിന് ഒരു പരിഹാരം കണ്ടെത്താൻ ആണ് അമ്മയുടെ ശ്രമം. അമ്മ, ഫെഫ്ക എന്നീ സംഘടനകളുമായി ചർച്ച ചെയ്യുന്നതിന് പകരം അമ്മയിൽ ഉള്ള ഒരു അംഗത്തെ വിലക്കിയതിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്നതാണ് താര സംഘടനയുടെ നിലപാട്.
അതുപോലെ താരങ്ങളുടെ ലൊക്കേഷനിലെ പെരുമാറ്റ ചട്ടം നിർബന്ധിക്കാനും ലൊക്കേഷനുകളിൽ ലഹരി മരുന്ന് ഉപയോഗം കണ്ടെത്താൻ പോലീസ് സഹായം ഉപയോഗിക്കുന്നതിനും അമ്മ പൂർണ്ണ പിന്തുണ നൽകും എന്നും അമ്മയുടെ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ലാലേട്ടൻ ഈ വിഷയത്തിൽ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നൽകുന്നത് എന്നു ഷെയിൻ നിഗത്തിന്റെ ഉമ്മ പറയുന്നു. ഏതായാലും മോഹൻലാൽ ഇടപെട്ടു ഈ വിവാദം പൂർണമായും അവസാനിപ്പിക്കും എന്ന പ്രതീക്ഷയിൽ ആണ് മലയാള സിനിമാ ലോകം.