ഷെയിൻ നിഗമിന്റെ വിലക്ക് നീങ്ങുന്നു; പ്രശ്ന പരിഹാരം നടത്തി അമ്മ സംഘടന

Advertisement

യുവ താരം ഷെയിൻ നിഗം ഉൾപ്പെട്ട മലയാള സിനിമയിലെ വിവാദം പതുക്കെ കെട്ടടങ്ങുകയാണ്. നിർമ്മാതാവ് ജോബി ജോർജുമായി ഷെയിൻ നിഗമിന് ഉണ്ടായ പ്രശ്നങ്ങളും അതിനെ തുടർന്ന് വെയിൽ, കുർബാനി, ഉല്ലാസം എന്നീ ഷെയിൻ നിഗം ചിത്രങ്ങളുമായി ബന്ധപെട്ടു ഉണ്ടായ വിവാദങ്ങളും നിർമ്മാതാക്കളുടെ സംഘടന ഷെയിൻ നിഗമിന് വിലക്കേർപ്പെടുത്തുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിച്ചിരുന്നു. എന്നാൽ അതിനു ശേഷം താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഈ വിഷയത്തിൽ ഇടപെട്ടതോടെ പ്രശ്ന പരിഹാരങ്ങൾക്കു തുടക്കമായി. മോഹൻലാലിൽ വിശ്വാസമാണെന്നും അദ്ദേഹത്തിന്റെ കീഴിലുള്ള അമ്മ സംഘടന എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് ഷെയിൻ നിഗമും തുറന്നു പറഞ്ഞു. തുടർന്ന് ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ നിഗം തീർക്കുകയും മോഹൻലാൽ തന്നെ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഒരു കോടി രൂപ നഷ്ടപരിഹാരം ചോദിച്ചതോടെ വീണ്ടും ചർച്ചകൾ എങ്ങുമെത്താതെ പോവുമോ എന്ന സംശയമുയർന്നെങ്കിലും മോഹൻലാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിലൂടെ പ്രശ്നങ്ങൾ ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു.

വെയില്‍, ഖുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരമായി 32 ലക്ഷം രൂപ നല്‍കാനാണ് കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ നിര്‍വ്വാഹക സമിതി യോഗത്തില്‍ ഇന്നലെ തീരുമാനമായത്. ഇത് നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചിട്ടുണ്ട് എന്നും അവരുടെ തീരുമാനം ഇന്നോ നാളെയോ പറയുമെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു. രണ്ട് സിനിമകള്‍ക്കും കൂടി 32 ലക്ഷം നല്‍കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. വെയില്‍, ഖുര്‍ ബാനി സിനിമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയിന്‍ സമ്മതിച്ചതോടെ പ്രശ്നം തീരുമെന്നാണ് പ്രതീക്ഷയെന്നും അവർ പറയുന്നു. വിലക്ക് തുടരുന്നതിനാല്‍ ഡിസംബര്‍ മുതല്‍ ഷെയിന്‍ പുതിയ സിനിമകളില്‍ അഭിനയിച്ചിട്ടില്ല. പക്ഷെ ഇന്നോ നാളെയോ കൊണ്ട് പ്രശ്നം അവസാനിക്കുന്നതോടെ ഈ യുവ താരത്തിന് വീണ്ടും അഭിനയിച്ചു തുടങ്ങാം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close