ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള

Advertisement

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ ‘ബൾട്ടി’ നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന് തീയ്യേറ്റുകളിൽ ആവേശപ്പൂരം തീർക്കുന്ന, കബഡിയും ആക്ഷനും ഒരുപോലെ സമ്മേളിക്കുന്ന ‘ബൾട്ടി’ ഷെയിനിൻ്റെ കരിയറിലെ തന്നെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറാൻ പോവുകയാണെന്ന് സിനിമക്കു ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാണ്.

എന്നാൽ ‘ബൾട്ടി’യുടെ വിജയത്തിലും, അതിലൂടെ റൊമാൻ്റിക് നായക പരിവേഷത്തിൽ നിന്നും ആക്ഷൻ കിങ്ങ്, സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ കഴിയുമെന്നു തെളിയിച്ച ഷെയിനു നേരെയും ചിലർ വളരെയധികം അസഹിഷ്ണുത കാണിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ നിർമാതാവ് സന്തോഷ് ടി കുരുവിള തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ബൾട്ടിയുടെ പോസ്റ്ററുകൾ ചിലർ മന:പൂർവ്വം കീറിക്കളഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു സന്തോഷ് ടി കുരുവിളയുടെ പോസ്റ്റ്. അദ്ദേഹത്തിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം:

Advertisement

“ഇത് കടുത്ത അസഹിഷ്ണുതയാണ്!
എന്തിനാണ് വളരെ ആസൂത്രിതമായ് ഷെയ്ൻ നിഗം എന്ന നടൻ്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല?
തീയറ്ററുകളിൽ വിജയകരമായ് പ്രദർശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് ഒരു മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത്?

ഈ പ്രവർത്തി അങ്ങയറ്റം ഹീനമായ ഒന്നാണ് , ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി, ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ മെറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ്?
ഷെയ്ൻ നിഗം എന്ന നടൻ്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ബൾട്ടി, പ്രേക്ഷകർ നല്ല അഭിപ്രായങ്ങൾ ഉറക്കെ പറയുമ്പോൾ ആരാണ് അസ്വസ്ഥരാവുന്നത്?
ആരാണ് മുൻ നിരയിലേയ്ക്ക് എത്തുന്ന ഈ ചെറുപ്പക്കാരനെ അപ്രസക്തനാക്കാൻ ശ്രമിയ്ക്കുന്നത്?

ഇവിടെ ചേർത്തിരിയ്ക്കുന്ന ഫോട്ടോകൾ എനിയ്ക്ക് ലഭിച്ച ഏതാനും ചിലത് മാത്രമാണ്, കേരളത്തിലങ്ങോളം ഇങ്ങോളം ഈ പരിപാടി തുടങ്ങിയിട്ട് പത്ത് ദിവസത്തോളമായ്, എന്താണിവരുടെ ഉദ്ദേശം?

ഞാൻ തന്നെ നിർമ്മിച്ച എൻ്റെ മുൻകാല ചിത്രങ്ങളായ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കെട്ടിയോളാണെൻ്റെ മാലാഖ, അതിനും മുമ്പ് മഹേഷിൻ്റെ പ്രതികാരം, ആക്ഷൻ ഹീറോ ബിജു, മായാനദി, ആട് 2, അവസാനമായ് ന്നാ താൻ കേസ് കൊട്, തല്ലുമാല എന്നിവയുടെ സമയത്തൊന്നും സംഭവിയ്ക്കാത്തതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിയ്ക്കുന്നത് ഈ പോസ്റ്റർ കീറൽ പരിപാടി, അപ്പോൾ കാര്യങ്ങൾ വ്യക്തമാവുന്നുണ്ടല്ലോ?

എന്താണ് ഷെയ്ൻ നിഗം എന്ന ഒരു മികച്ച യുവ നടൻ ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്?

മലയാളത്തിലെ എൻ്റെ പ്രിയപ്പെട്ട സിനിമാ സ്നേഹികളോട് ഒരു നിർമ്മാതാവ് എന്ന നിലയിൽ പിന്തുണ തേടുകയാണ്.”

Advertisement

Copyright © 2017 onlookersmedia.

Press ESC to close