
മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്റെയായ സ്ഥാനം കണ്ടെത്തിയ യുവനടനാണ് ഷെയ്ൻ നിഗം. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ കുറെയേറെ ചിരിപ്പിച്ച അബിയുടെ മകൻ എന്ന നിലയിൽ സിനിമയിൽ കടന്നുവന്ന ഷെയ്ൻ ഇപ്പോൾ നായകനായി പകരംവെക്കാന്‍ സാധിക്കാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഷെയ്ൻ ചിത്രം ‘ഇഷ്‌ക്ക്’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിലെത്തുമ്പോൾ വാപ്പച്ചി നൽകിയ ഉപദേശമാണ് ഇന്നും മനസ്സിൽ കാത്തുസൂക്ഷിക്കുന്നതെന്ന് ഷെയ്ൻ പറയുകയുണ്ടായി.
കൂടുതൽ റിയലിസ്റ്റിക് ആവുക എന്നതായിരുന്നു അച്ഛന്റെ ഉപദേശം. അഭിനയമാണെന് പ്രേക്ഷകർക്ക് ഒരിക്കലും മനസ്സിലാവാത്ത രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്നാണ് അച്ഛൻ എപ്പോഴും പറഞ്ഞിരുന്നതെന്ന് ഷെയ്ൻ അഭിപ്രായപ്പെട്ടു. കൊമേർഷ്യൽ ചിത്രങ്ങളിൽ റിയലിസ്റ്റിക്കായി അഭിനയിക്കാൻ ബുദ്ധിമുട്ടാണന്നും വർക്ക് ചെയ്യുന്ന സാഹചര്യവും സിനിമയും സ്വാധീനിക്കുമെന്നും ഷെയ്ൻ വ്യക്തമാക്കി. സിനിമയിലെ ഓരോ രംഗം വിശ്വാസിക്കുവാൻ പറ്റുന്ന രീതിയിൽ അഭിനയിക്കാൻ ഒരു നടന് സാധിക്കണമെന്ന് ഷെയ്ൻ അഭിപ്രായപ്പെട്ടു. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്തിരിക്കുന്ന ‘ഇഷ്ക്ക്’ എന്ന ചിത്രത്തിൽ വളരെ സ്വഭാവികമായാണ് ഷെയ്ൻ അഭിനയിച്ചിരിക്കുന്നത്. ഏത് വേഷവും വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന ഷെയ്ൻ മലയാള സിനിമയിൽ മുൻനിര യുവനടന്മാരിൽ ഇടം പിടിച്ചിരിക്കുകയാണ്.