ഇത്തവണത്തെ കേരളാ സംസ്‌ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് ലഭിച്ചത് ഒടിയൻ എന്ന സിനിമയിൽ പ്രകാശ് രാജ് അവതരിപ്പിച്ച രാവുണ്ണി എന്ന വില്ലൻ കഥാപാത്രത്തിന് ശബ്ദം നല്കിയ ഷമ്മി തിലകന് ആണ്. മോഹൻലാൽ നേരിട്ടു ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ പ്രകാശ് രാജിന് ഡബ്ബ് ചെയ്തത് എന്നും അതിനാൽ മോഹൻലാലിനോട് നന്ദി ഉണ്ടെന്നും ഷമ്മി തിലകൻ പറയുന്നു. രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച മോഹൻലാൽ എന്ന മഹാപ്രതിഭയുടെ വാക്കിനു താൻ കൊടുത്ത മാന്യതയും അതിനോട് താൻ കാണിച്ച ആത്മാർത്ഥതയുമാണ് തന്നെ ഈ പുരസ്‌കാരത്തിന് അര്ഹനാക്കിയത് എന്നും ലാലേട്ടന്റെ ചിത്രത്തിലൂടെ തന്നെ ഈ അവാർഡ് നേടാനായത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും ഷമ്മി തിലകൻ പറയുന്നു. കൂടാതെ ഈ അവാർഡ് താൻ സമർപ്പിക്കുന്നത് തന്റെ അച്ഛന് ആണെന്നും ആ അച്ഛന്റെ മകനായി ജനിക്കാനും ജീവിക്കാനും പറ്റിയതിൽ ഏറെ അഭിമാനവും ഒരിത്തിരി അഹങ്കാരവും ഉണ്ടെന്നും ഷമ്മി തിലകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രശസ്ത നടൻ കൂടിയായ ഷമ്മി തിലകൻ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾക്കു വെള്ളിത്തിരയിൽ ജീവൻ നൽകിയിട്ടുണ്ട്. നായകനായും വില്ലനായും അഭിനയിച്ചിട്ടുള്ള ഷമ്മിയുടെ വില്ലൻ വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് ഷമ്മി തിലകൻ. ഇതു കൂടാതെ ഗംഭീര ശബ്ദത്തിനു ഉടമയായ അദ്ദേഹമാണ് ദേവസുരത്തിലെ വില്ലൻ കഥാപാത്രമായ മുണ്ടക്കൽ ശേഖരനും അതുപോലെ ധ്രുവത്തിലെ വില്ലൻ കഥാപാത്രം ആയ ഹൈദർ മരക്കാർക്കും ശബ്ദം നൽകിയത്. തിലകനും മോഹൻലാലും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഏറ്റവും കൂടുതൽ അറിയാവുന്ന ഒരാൾ കൂടിയാണ് ഷമ്മി തിലകൻ.