
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നടനെന്ന നിലയിലുള്ള മൂന്നാമത്തെ ദേശീയ പുരസ്‍കാരം ലഭിച്ചത് വാനപ്രസ്ഥം എന്ന ഷാജി എൻ കരുൺ ചിത്രത്തിലൂടെയാണ്. ആദ്യം കിരീടം എന്ന എന്ന ചിത്രത്തിലൂടെ സ്പെഷ്യൽ ജൂറി പുരസ്‍കാരം ലഭിച്ച മോഹൻലാലിന്, രണ്ടു വർഷത്തിന് ശേഷം ഭരതം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അവാർഡും ലഭിച്ചു. വാനപ്രസ്ഥത്തിലൂടെ മോഹൻലാലിന് രണ്ടു ദേശീയ പുരസ്‍കാരമാണ് ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരവും മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനുള്ള പുരസ്കാരവും മോഹൻലാലിന് ലഭിച്ചു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ദേശീയ അംഗീകാരങ്ങൾ ലഭിച്ച നടനും മോഹൻലാൽ ആണ്. അഞ്ചു ദേശീയ പുരസ്‍കാരങ്ങൾ ആണ് മോഹൻലാലിന് ലഭിച്ചിട്ടുള്ളത്. നടനെന്ന നിലയിൽ നാലെണ്ണം ലഭിച്ചപ്പോൾ നിർമ്മാതാവ് എന്ന നിലയിൽ ഒരെണ്ണം ലഭിച്ചു. വാനപ്രസ്ഥത്തിലൂടെ മോഹൻലാലിന് അവാർഡ് ലഭിച്ചപ്പോൾ ദൂരദർശൻ ഒരുക്കിയ ഒരു മോഹൻലാൽ സ്പെഷ്യൽ പ്രോഗ്രാം ഇപ്പോൾ അവർ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിരിക്കുകയാണ്.
ആ വീഡിയോയിൽ വാനപ്രസ്ഥം ഒരുക്കിയ ഷാജി എൻ കരുൺ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ഒരു നടനെന്ന നിലയിൽ മോഹൻലാൽ തനിക്കെന്നും അത്ഭുതം ആണെന്നാണ് ഷാജി എൻ കരുൺ പറയുന്നത്. ഒരു സംവിധായകൻ എന്ന നിലയിലും ഒരു ഛായാഗ്രാഹകൻ എന്ന നിലയിലും തനിക്കു എന്നും അത്ഭുതങ്ങളാണ് മോഹൻലാൽ സമ്മാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നുണ്ട്. വാനപ്രസ്ഥത്തിന് ക്യാമറ ചലിപ്പിച്ച ഫ്രഞ്ച് ക്യാമറാമാൻ റെനാറ്റോ ബെർട്ട മോഹൻലാലിന്റെ പ്രകടനം കണ്ടു അത്ഭുതപ്പെടുകയും ചില സമയത്തു കാമറ ഓഫ് ചെയ്യാൻ തന്നെ മറന്നു പോയി വികാരഭരിതനാവുകയും ചെയ്ത സംഭവവും ഷാജി എൻ കരുൺ വെളിപ്പെടുത്തുന്നു. റിഹേഴ്സൽ പോലും ഇല്ലാതെ ചില രംഗങ്ങൾ മോഹൻലാൽ പെർഫോം ചെയ്യന്നത് കണ്ടും, അതുപോലെ റിഹേഴ്സൽ ചെയ്ത രംഗങ്ങൾ ടേക്ക് പോയപ്പോൾ അതിനും മുകളിൽ വലിയ അർത്ഥ തലങ്ങൾ സമ്മാനിച്ച് കൊണ്ട് മോഹൻലാൽ അഭിനയിക്കുന്നത് കണ്ടും അദ്ദേഹം അമ്പരന്നു പോയ കാര്യം തന്നോട് പറഞ്ഞതും ഷാജി എൻ കരുൺ ഓർത്തെടുക്കുന്നു.