പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി പ്രശസ്ത സംവിധായകൻ വേണു ഒരുക്കാൻ പ്ലാൻ ചെയ്ത ചിത്രമാണ് കാപ്പ. മഞ്ജു വാര്യർ, അന്ന ബെൻ എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ജൂൺ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പ്ലാൻ ചെയ്തിരുന്ന ഈ ചിത്രത്തിൽ നിന്ന് സംവിധായകൻ വേണു പിന്മാറിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വേണുവിന് പകരം ഈ ചിത്രമൊരുക്കാൻ പോകുന്നത് ഷാജി കൈലാസ് ആണെന്നുള്ള റിപ്പോർട്ടുകളും വന്നു കഴിഞ്ഞു. ആശയപരമായ ഭിന്നതകൾ കൊണ്ടാണ് വേണു പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്.
ഇന്ദുഗോപൻ തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ചിത്രം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ കൂടി ചേർന്നാണ് നിർമ്മിക്കുക. കോട്ട മധു എന്നാണ് ഈ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മേല്പറഞ്ഞവർ കൂടാതെ ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതിലധികം നടീനടൻമാർ കാപ്പയിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടിയാണു ഈ ചിത്രം ഒരുക്കുന്നത്. ഈ സിനിമയിൽ നിന്നുള്ള വരുമാനം സംഘടനയിലെ അംഗങ്ങൾക്കുള്ള പെൻഷൻ പദ്ധതിയിലേക്ക് ഉപയോഗിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക.