പത്താന് രണ്ടാം ഭാഗം; കൂടുതൽ വെളിപ്പെടുത്തി ഷാരൂഖ് ഖാനും സംവിധായകനും

Advertisement

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ വമ്പൻ തിരിച്ചു വരവിനാണ് ഇപ്പോൾ പത്താൻ എന്ന ചിത്രം വഴിയൊരുക്കിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ സ്പൈ ത്രില്ലർ ചിത്രം ഇപ്പോൾ ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാവാനുള്ള കുതിപ്പിലാണ്. ഇതിനോടകം 550 കോടിക്ക് മുകളിൽ ആഗോള കളക്ഷനായി നേടിയ ഈ ചിത്രം ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത സംവിധായകൻ സിദ്ധാർഥ് ആനന്ദും ഷാരൂഖ് ഖാനും ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചന നല്കിയിരിക്കുകയാണ്. പത്താൻ പോലെയൊരു വിജയം കഴിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യത്തിന് പത്താൻ 2 എന്ന് ആരാധകർ പറഞ്ഞപ്പോൾ, ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അത് നടക്കട്ടെ എന്നാണ് സിദ്ധാർഥ് ആനന്ദ് പറയുന്നത്. മാത്രമല്ല, അങ്ങനെ ഒരു ചിത്രം വന്നാൽ കൂടുതൽ പരിശ്രമം അതിനു വേണ്ടിയെടുക്കാൻ താൻ തയ്യാറാണെന്ന് ഷാരൂഖ് ഖാനും പറഞ്ഞു.

സൽമാൻ ഖാൻ നായകനായി എത്തുന്ന ടൈഗർ 3 എന്ന ചിത്രത്തിൽ പത്താൻ എന്ന കഥാപാത്രമായി ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പത്താനിൽ സൽമാൻ ഖാൻ അതിഥി താരമായി എത്തിയത്, തന്റെ സൂപ്പർ ഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയാണ്. അതോടെ ബോളിവുഡിലെ സ്പൈ യൂണിവേഴ്സിനും കൂടി തുടക്കം കുറിച്ചിരിക്കുകയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ്. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ വാർ എന്ന ചിത്രത്തിലെ കബീർ എന്ന ഹൃതിക് റോഷൻ കഥാപാത്രവും ഈ സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്. ദീപിക പദുക്കോൺ നായികാ വേഷം ചെയ്ത പത്താനിൽ വില്ലനായി എത്തിയത് സൂപ്പർ താരം ജോൺ എബ്രഹാമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close