റോ ഓഫീസർ ആയി മോഹൻലാൽ; മലയാളത്തിൽ സ്പൈ ത്രില്ലറുമായി ജീത്തു ജോസഫ്; റാം ഒരുങ്ങുന്നു

Advertisement

മലയാള സിനിമാ പ്രേമികൾ ഇപ്പോൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ റാം. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഈ വരുന്ന ഏപ്രിൽ- മെയ് മാസത്തോടെ ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയാവും. ഇപ്പോഴിതാ റാം ആദ്യ ഭാഗത്തിന്റെ കഥാതന്തു എന്ന് പറയപ്പെടുന്ന ഒന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഇന്ത്യയുടെ സ്പൈ ഏജൻസിയാണ് റിസർച് ആൻഡ് അനാലിസിസ് വിങ് എന്നറിയപ്പെടുന്ന റോ. അവരുടെ പഴയ ഒരു ഓഫീസറും സ്പൈയുമായ റാം മോഹൻ എന്ന ഏജന്റിനെ ട്രാക്ക് ചെയ്യാനുള്ള അവരുടെ ശ്രമങ്ങളാണ് ഈ ആദ്യ ഭാഗത്തിൽ ഉള്ളത്. റോയിൽ നിന്നും പൂർണ്ണമായും പുറത്തു പോയി, അവരുടെ കണ്ണിൽ നിന്നും അപ്രത്യക്ഷമായി ജീവിക്കുന്ന ആളാണ് റാം മോഹൻ. എന്നാൽ ബെയ്ൽ എന്ന് പേരുള്ള ഒരു തീവ്രാവാദ ഗ്രൂപ്പിനെ തകർക്കാൻ, റാം മോഹൻ എന്ന തങ്ങളുടെ ആ പഴയ ഓഫീസറുടെ കഴിവും ബുദ്ധിയും ഉപയോഗപ്പെടുത്തേണ്ട സാഹചര്യമാണ് റോ എന്ന നമ്മുടെ മിലിറ്ററി ഏജൻസിക്കു വന്ന് ചേരുന്നത്.

ഒരു രാജ്യത്തെ തന്നെ ശിഥിലമാക്കാൻ ശേഷിയുള്ള ന്യൂക്ലിയർ ആയുധ ശേഖരമാണ് ബെയ്ൽ എന്ന സംഘടനയുടെ കൈവശമുള്ളതെന്നത് സാഹചര്യം കൂടുതൽ ഗൗരവതരമാക്കുന്നു. ജീത്തു ജോസഫ് തന്നെ കഥയും തിരക്കഥയും രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസ് ആണ്. മോഹൻലാൽ കൂടാതെ തൃഷ, ഇന്ദ്രജിത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗാ കൃഷ്ണ. പ്രാചി ടെഹ്‌ലാൻ, അനൂപ് മേനോൻ, സായി കുമാർ, സുമൻ, ചന്ദുനാഥ്, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഹോളിവുഡ് സംഘട്ടന സംവിധായകർ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പ്, സംഗീതമൊരുക്കുന്നത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close