ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിനെ കുറിച്ച് ദേശീയ പുരസ്‌കാര ജേതാവ് ശ്യാം പുഷ്ക്കരൻ..!

Advertisement

കഴിഞ്ഞ ദിവസം പ്രശസ്ത തിരക്കഥാകൃത് ശ്യാം പുഷ്ക്കരൻ ലൂസിഫർ എന്ന ചിത്രത്തെക്കുറിച്ചു നടത്തിയ ഒരു വിശകലനം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. അസാപ് വെബിനാർ സീരിസിന്റെ നാല്പത്തിയെട്ടാം എപ്പിസോഡിൽ തിരക്കഥ നൈപുണ്യം എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് ശ്യാം പുഷ്ക്കരൻ ലൂസിഫർ എന്ന മോഹൻലാൽ- പൃഥ്വിരാജ്- മുരളി ഗോപി ചിത്രത്തെക്കുറിച്ചു സംസാരിച്ചത്. സിനിമയിലെ കഥയുടെ ലോകത്തെക്കുറിച്ചു വിശദീകരിക്കവെയാണ് ലൂസിഫർ എന്ന ചിത്രത്തെക്കുറിച്ചു ശ്യാം പുഷ്ക്കരൻ വാചാലനായത്. ലൂസിഫർ ഒരു ഒന്നാംതരം കൊമേർഷ്യൽ സിനിമയാണെന്നും പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുകയും ആഘോഷിക്കുകയും ചെയ്ത ചിത്രമാണ് ലൂസിഫറെന്നും അദ്ദേഹം പറയുന്നു. മുരളി ഗോപിയൊരുക്കിയ അതിന്റെ തിരക്കഥയും അതുപോലെ പൃഥ്വിരാജ്- മുരളി ഗോപി ടീം വളരെ സമർഥമായി രൂപപ്പെടുത്തിയ അതിന്റെ കഥാലോകവും ദൃശ്യങ്ങളുമാണ് ആ ചിത്രത്തിന്റെ ഹൈലൈറ്റെന്നും ശ്യാം പുഷ്ക്കരൻ സൂചിപ്പിക്കുന്നു. ഇല്ലുമിനാറ്റിയുടെ കഥ പറയുന്ന ലൂസിഫർ പോലൊരു ചിത്രത്തിൽ വമ്പൻ ദൃശ്യങ്ങളുണ്ടെങ്കിൽ മാത്രമേ അതിന്റെ കഥാലോകം പ്രേക്ഷകരിലേക്കെത്തു എന്നും അതിൽ പൃഥ്വിരാജ്- മുരളി ഗോപി എന്നിവർ വിജയിച്ചു എന്നും ശ്യാം പുഷ്ക്കരൻ പറഞ്ഞു.

അതിലെ വമ്പൻ ദൃശ്യങ്ങൾക്ക് ഒരുദാഹരണമായി ശ്യാം പുഷ്ക്കരൻ പറയുന്നത്, മന്ത്രി പി കെ രാംദാസിന്റെ ശവ സംസ്‍കാരം ഒരു ബീച്ചിൽ നടക്കുന്ന ദൃശ്യമാണ്. സാധാരണ കേരളത്തിൽ അങ്ങനെ നടക്കാറില്ലായെങ്കിലും, അങ്ങനെയൊരു ദൃശ്യം കാണിച്ചതിലൂടെ ചിത്രത്തിന്റെ വമ്പൻ കഥാന്തരീക്ഷത്തിന്റെ സൂചനയാണ് സംവിധായകനും രചയിതാവും പ്രേക്ഷകരുടെ മനസ്സിലെത്തിച്ചത് എന്നാണ് ശ്യാം പുഷ്ക്കരൻ പറയുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പൃഥ്വിരാജ്- മുരളി ഗോപി ടീം. മോഹൻലാൽ തന്നെയാണ് അതിലും നായകൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close