ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കുള്ള സ്ക്രീനിംഗ് ഉടൻ തുടങ്ങും; മലയാളത്തിൽ 65 ചിത്രങ്ങൾ..!

Advertisement

2019 ലെ മികച്ച പ്രകടനങ്ങൾക്കും ചിത്രങ്ങൾക്കുമുള്ള 67 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ആരംഭിച്ചു. അടുത്ത ആഴ്ചയോടെ ചിത്രങ്ങളുടെ സ്ക്രീനിംഗ് ആരംഭിക്കുമെന്നാണ് സൂചന. മലയാളത്തിൽ നിന്ന് ഇത്തവണ 65 ചിത്രങ്ങളാണ് റീജിയണൽ ജൂറിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ആണ് സെൻട്രൽ ജൂറിക്ക് മുന്നിൽ അവാർഡിനായി പരിഗണിക്കപ്പെടാൻ എത്തുന്നത്. സെൻട്രൽ ജൂറി അംഗങ്ങളെ ഇത് വരെ തീരുമാനിച്ചിട്ടില്ല. എന്നാൽ തമിഴ് – മലയാള ചിത്രങ്ങളടക്കം പരിഗണിക്കുന്ന ഒരു റീജിയണൽ ജൂറിയിൽ ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് ഉൾപ്പടെയുളള സിനിമകളുടെ തിരഞ്ഞെടുപ്പ് ഇതിനോടകം പൂർത്തിയായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജനുവരി 16 മുതൽ 24 വരെ നടക്കാനിരിക്കുന്നത് കൊണ്ടാണ് പുരസ്കാര നിർണയം ഇനിയും വൈകിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. പനോരമ വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പും ഉടൻ നടക്കുമെന്നും അതുപോലെ ദേശീയ പുരസ്കാരത്തിനുളള സിനിമകൾ കണ്ട് വിലയിരുത്താൻ കുറഞ്ഞത് 40 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത് എന്നും കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. അത് കൊണ്ട് തന്നെ ഫലപ്രഖ്യാപനം അടുത്ത വർഷം തുടക്കത്തിലേയ്ക്ക് നീളുമെന്നാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പുകൾ സൂചിപ്പിക്കുന്നത്. നവംബർ 19ന് നടപടികൾ തുടങ്ങാനായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനമെങ്കിലും പിന്നീട് അത് അടുത്ത ആഴ്ചത്തേക്ക് നീട്ടി വെക്കുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾ അടക്കം ചെറുതും വലുതും റിലീസ് ആയതും ആവാത്തതുമായ ഒട്ടേറെ ചിത്രങ്ങളാണ് ഇക്കുറി മലയാളത്തിൽ നിന്നുള്ളത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close