
മലയാളത്തിലെ പ്രശസ്ത ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്പ്. മലയാളത്തിലും തമിഴിലും പാടിയിട്ടുള്ള സയനോര കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഒട്ടേറെ സംഗീത ആൽബങ്ങളിലൂടെയും ഈ ഗായിക സംഗീത പ്രേമികൾക്കിടയിൽ പോപ്പുലറാണ്. ഇപ്പോഴിതാ നിറത്തിന്റെ പേരിൽ തനിക്കെതിരെ വിവേചനം നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സയനോര ഫിലിപ്. നിറത്തിന്റെ പേരിലുള്ള മാറ്റി നിർത്തൽ പല രീതിയിൽ കുട്ടിക്കാലം മുതലേ താൻ അനുഭവിച്ചിട്ടുണ്ട് എന്നും സയനോര പറയുന്നു. നിറത്തിന്റെ പേരിൽ സ്‌കൂളിൽ പഠിക്കുമ്പോൾ വരെ അനുഭവിച്ച മാറ്റിനിർത്തലുകളെ പറ്റി സയനോര തുറന്നു പറയുന്നു. നിറം കറുപ്പായതിന്റെ പേരിൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് പേര് വിവേചനം നേരിടുന്നുണ്ട് എന്നും, കറുപ്പ് നിറത്തെ കളിയാക്കിയും മാറ്റിനിർത്തിയുമൊക്കെ മുൻപോട്ടു പോകാനുള്ള ഒരു മനോഭാവം നമ്മുടെ സമൂഹം ഇന്നും കാണിക്കുന്നു എന്നും സയനോര പറയുന്നു.
സിനിമയിൽ വന്നതിനു ശേഷം, പ്രശസ്തയായതിനു ശേഷവും താനത് നേരിട്ടിട്ടുണ്ട് എന്നും സയനോര പറയുന്നുണ്ട്. വലിയ വലിയ സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അതിലൊന്നും തന്നെയും രശ്മി സതീഷിനെയും പുഷ്പവതിയേയും കാണാറില്ല എന്നും രശ്മിയും പുഷ്പവതിയുമൊക്കെ അത്രയും മികച്ച ഗായകർ ആയിട്ട് പോലും അവർ മാറ്റിനിർത്തപ്പെടുന്നു എന്നും സയനോര പറയുന്നു. നിറത്തിന്റെ പേരിൽ ഒരിക്കലും ആരെയും വിലയിരുത്തരുത് എന്നും ഈ ഗായിക പറയുന്നു. ആ മനോഭാവം നമ്മൾ മാറ്റേണ്ട സമയമായെന്നും അവർ പറഞ്ഞു. കലാരംഗത്തു മാത്രമല്ല എല്ലാ മേഖലയിലും ഈ വിവേചനം നിലനിൽക്കുന്നുണ്ട് എന്നും സയനോര വിശദീകരിക്കുന്നുണ്ട്. പതിനാറു വർഷം മുൻപ് വെട്ടം എന്ന പ്രിയദർശൻ ചിത്രത്തിലെ ഒരു ഗാനമാലപിച്ചാണ് സയനോര മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.