ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. വമ്പൻ ശ്രദ്ധയും പ്രശംസയും നേടിയ ഓപ്പറേഷൻ ജാവക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പ്രേക്ഷകരും നിരൂപകരും നടത്തുന്നത്. തരുൺ മൂർത്തി എന്ന സംവിധായകനെ ശ്കതമായി അടയാളപ്പെടുത്തുന്ന ഈ ചിത്രം ഒരിക്കലും തീയേറ്ററുകളിൽ നിന്ന് നഷ്ടപ്പെടുത്തരുത് എന്നും ഇത് ഓരോ സിനിമാ പ്രേമിയും കണ്ടിരിക്കേണ്ട ചിത്രമാണെന്നും പ്രേക്ഷകർ പറയുന്നു. ആക്ഷേപ ഹാസ്യവും, വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയൊരുക്കിയ ഈ ചിത്രം വളരെ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം കൂടിയാണ് ചർച്ച ചെയ്യുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തൊടുന്ന ചിത്രമാണ് സൗദി വെള്ളക്ക എന്നാണ് ഈ ചിത്രം കാണുന്ന ഓരോരുത്തരും പറയുന്നത്. നമ്മുടെ നീതി ന്യായ വ്യവസ്ഥയിൽ കുരുങ്ങി പോകുന്ന മനുഷ്യ ജീവിതങ്ങളുടെ കഥ ഒരു ഫീൽ ഗുഡ് ഡ്രാമ പോലെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, ഈ ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത് വൈകാരികമായ ഒരു യാത്രയിലേക്കാണെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നു. സംവിധായകൻ തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ദേവി വർമ്മ, ലുഖ്മാൻ, സുജിത് ശങ്കർ, ബിനു പപ്പു എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഗോവയിൽ നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് സൗദി വെള്ളക്കയുടെ പ്രീമിയർ നടന്നത്.