മറ്റുള്ളവരിൽ നിന്നും വിപരീതമായി മമ്മൂട്ടി ചെയ്യുന്നത് ഇത്, പക്ഷെ അത് പുറത്തു കാണിക്കില്ല; വെളിപ്പെടുത്തി സത്യൻ അന്തിക്കാട്..!

Advertisement

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തനിക്ക് ഇഷ്ടപ്പെട്ട അഞ്ച് കഥാപാത്രങ്ങളെ കുറിച്ച് ഫ്‌ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പിലാണ് മമ്മൂട്ടി എന്ന നടനെ സത്യൻ അന്തിക്കാട് വിലയിരുത്തുന്നത്. വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, പ്രാഞ്ചിയേട്ടനിലെ ചെറമ്മല്‍ ഫ്രാന്‍സിസ്, രാജമാണിക്യത്തിലെ മാണിക്യം, ഗോളാന്തര വാര്‍ത്തയിലെ രമേശന്‍ നായര്‍, ഒരു വടക്കൻ വീരഗാഥയിലെ ചന്തു എന്നിവയാണ് തനിക്കു ഏറ്റവും പ്രീയപ്പെട്ട അഞ്ചു മമ്മൂട്ടി കഥാപാത്രങ്ങളെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. മമ്മൂട്ടി എന്ന നടനെ വ്യത്യസ്തനാക്കുന്നത് ഓരോ കഥാപാത്രത്തിന് വേണ്ടിയും അദ്ദേഹം ചെയ്യുന്ന ഹോം വർക്ക് ആണെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർക്കുന്നു. ഹരിഹരൻ ഒരുക്കിയ ഒരു വടക്കന്‍ വീരഗാഥയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ്, ചിത്രത്തിന്റെ രചയിതാവായ എം.ടിയെക്കൊണ്ട് അതിലെ ഡയലോഗുകള്‍ പറയിച്ച് റെക്കോഡ് ചെയ്ത്, തന്റെ കാര്‍ യാത്രകളിലൊക്കെ മമ്മൂട്ടി അത് ഉരുവിട്ട് പഠിക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്ന് സത്യൻ അന്തിക്കാട് ഓർത്തെടുക്കുന്നു.

മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും കഥാപാത്രത്തിന് വേണ്ടി അങ്ങനെയൊരു പഠനം നടത്തുമെന്ന് തോന്നുന്നില്ല എന്നാണ് സത്യൻ അന്തിക്കാട് വിശദീകരിക്കുന്നത്. പക്ഷേ താൻ ഹോം വർക്ക് ചെയ്യുന്നുണ്ട് എന്ന കാര്യം അദ്ദേഹം പുറമേക്ക് ഭാവിക്കാറില്ലെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേർക്കുന്നു. നമ്മുടെ വീട്ടിലെ ഒരു വല്യേട്ടനാണെന്ന് തോന്നിക്കുന്ന രീതിയില്‍ മമ്മൂട്ടി പെരുമാറിയ കഥാപാത്രമാണ് വാത്സല്യത്തിലെ മേലേടത്തു രാഘവൻ നായർ എന്ന് പറഞ്ഞ സത്യൻ അന്തിക്കാട്, പ്രാഞ്ചിയേട്ടനെ നമുക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു കഥാപാത്രമാക്കി മാറ്റിയത് മമ്മൂട്ടിയുടെ ഭാഷ ഉപയോഗിക്കാനുള്ള ബ്രില്ല്യൻസാണ് എന്നും എടുത്തു പറഞ്ഞു. ശരീരത്തിനേയും മനസിനേയും കയറൂരി വിട്ടാണ് മമ്മൂട്ടി രാജമാണിക്യത്തില്‍ അഭിനയിച്ചതെന്നും, അതുപോലെ ഗോളാന്തര വാര്‍ത്തയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍, പ്രത്യേകിച്ച് അഭിനയിക്കുകയൊന്നും വേണ്ട, നിങ്ങളങ്ങോട്ട് പെരുമാറിയാല്‍ മതി എന്നായിരുന്നു മമ്മൂട്ടിയോട് താന്‍ പറഞ്ഞതെന്നും സത്യൻ അന്തിക്കാട് തന്റെ കുറിപ്പിൽ പറയുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close