എന്തൊക്കെ ബഹളങ്ങളായിരുന്നു! മലപ്പുറം കത്തി, മെഷീൻ ഗണ്ണ്‌, ബോംബ്‌, ഒലക്കേടെ മൂട്‌ – എന്നിട്ടിപ്പോൾ പവനായി ശവമായി

Advertisement

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് രണ്ടു ദിവസം മുൻപ് പങ്കു വെച്ച ഫേസ്ബുക് പോസ്റ്റാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്. കോവിഡ് 19 ഭീഷണി മൂലം രാജ്യം ലോക്ക് ഡൗണിലായപ്പോൾ സിനിമാ രംഗവും പൂർണ്ണമായും നിശ്ചലമായി. അതോടെ താരങ്ങളും സംവിധായകരുമടക്കം എല്ലാ സിനിമാ പ്രവർത്തകരും വീടുകളിൽ ഒതുങ്ങി. ഒട്ടേറെ വമ്പൻ റിലീസുകൾ പ്ലാൻ ചെയ്ത വിഷുക്കാലം അടഞ്ഞ തീയേറ്ററുകളുമായി കടന്നു പോയി. ഇനിയിപ്പോൾ റിലീസ് മുടങ്ങിയ ചിത്രങ്ങളെത്താതെ മറ്റു ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്ന് തീരുമാനവും വന്നു. ഒരുപാട് ചിത്രങ്ങളുടെ പ്ലാൻ ചെയ്ത ഷൂട്ടിംഗ് വരെ അനിശ്ചിതമായി മാറ്റി വെച്ചു. മമ്മൂട്ടിയെ നായകനാക്കി താനൊരുക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റി വെക്കേണ്ടി വന്നതിനെ കുറിച്ചും അതുപോലെ എല്ലാവരും കാത്തിരുന്ന മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹവും, ഫഹദ് ഫാസിലിന്റെ മാലിക്കും ഒക്കെ റിലീസ് മാറ്റിയതിനെ കുറിച്ചുമെല്ലാം സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഒരൊറ്റ വൈറസ് എങ്ങനെയാണു ലോകത്തിന്റെ താളം തെറ്റിച്ചതെന്നു പറയുകയാണ് അദ്ദേഹം.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ, എന്തൊക്കെ ബഹളങ്ങളായിരുന്നു മലപ്പുറം കത്തി, മെഷീൻ ഗണ്ണ്‌, ബോംബ്‌, ഒലക്കേടെ മൂട്‌ – എന്നിട്ടിപ്പോൾ പവനായി ശവമായി. നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാരെ നമിച്ചുപോകുന്ന കാലമാണിത്‌. ലോകത്ത്‌ പൊതുവേയും നമ്മൾ മലയാളികൾക്കിടയിൽ പ്രത്യേകിച്ചും എന്തൊക്കെ കണക്കുകൂട്ടലുകളായിരുന്നു. ഈ വിഷുക്കാലം ലക്ഷ്യമിട്ട്‌ കഴിഞ്ഞ രണ്ടുവർഷത്തോളമായി പ്രിയദർശൻ കഷ്ടപ്പെട്ടൊരുക്കിയ സിനിമയാണ്‌ മരക്കാർ-അറബിക്കടലിന്റെ സിംഹം. പട്ടിണികിടന്ന്‌ സ്വന്തം രൂപത്തിൽപ്പോലും മാറ്റങ്ങൾ വരുത്തി ഫഹദ്‌ ഫാസിൽ അഭിനയിച്ച, മഹേഷ്‌ നാരായണന്റെ മാലിക്ക്‌ ഉന്നംവെച്ചതും വിഷു റിലീസാണ്‌. അതൊക്കെ അനിശ്ചിതകാലത്തേക്ക്‌ മാറി. സിനിമയുടെ കൊയ്ത്തുകാലം എന്നറിയപ്പെടുന്ന ഏപ്രിൽ, മേയ്‌ മാസങ്ങൾ പൂർണമായും നഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ കാര്യമവിടെ നിൽക്കട്ടെ. ഞാൻ പ്രകാശൻ എന്ന പടത്തിനുശേഷം പുതിയ സിനിമ ഏപ്രിൽ 10 ന്‌ തുടങ്ങാനാണ്‌ ഞാൻ പദ്ധതിയിട്ടത്‌. മമ്മൂട്ടി പറഞ്ഞു: പത്താം തീയതി വരാൻ പറ്റില്ല. അതിനുമുമ്പ്‌ തുടങ്ങുന്ന സിനിമ തീരില്ല. മേയ്‌ പകുതിയെങ്കിലുമാകും ഞാൻ ഫ്രീയാകാൻ. അതു പറ്റില്ലെന്നും അടുത്ത ഓണത്തിന്‌ തിയേറ്ററുകളൊക്കെ ബുക്കുചെയ്തുകഴിഞ്ഞെന്നും ഏപ്രിൽ പതിനഞ്ചിനെങ്കിലും സെറ്റിലെത്തണമെന്നും എന്റെ പിടിവാശി. അവസാനം മമ്മൂട്ടി ആന്റോ ജോസഫുമായി കൂടിയാലോചിക്കുന്നു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ഫോർമുല തയ്യാറാകുന്നു. ആദ്യത്തെ പടം ഒരു ഷെഡ്യൂൾ ഷൂട്ട്‌ ചെയ്ത്‌ നിർത്തിവെക്കുക. അതിനുശേഷം എന്റെ സിനിമയുടെ ഷൂട്ടിങ്‌ പൂർത്തിയാക്കിയിട്ട്‌ മറ്റേത്‌ വീണ്ടും തുടങ്ങാം. അതിനിടയ്ക്ക്‌, ഓണപ്പടം നമുക്കുതന്നെയല്ലേ എന്ന്‌ ചോദിച്ച്‌ കാഞ്ഞാണി ബ്രഹ്മകുളം തിയേറ്ററിലെ ജേക്കബ്ബിന്റെ വിളി. ഒരു മാറ്റവുമുണ്ടാകില്ലെന്നും ഞാനൊരുതവണ പറഞ്ഞാൽ അത്‌ നൂറുതവണ പറഞ്ഞതുപോലെയാണെന്നും എന്റെ അഹങ്കാരം. എന്നാൽ, നിമിഷനേരംകൊണ്ട്‌ പവനായി ശവമായി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close