
കൊറോണ വൈറസ്സ് ഭീഷണിയെ തുടർന്നു ഇപ്പോൾ രാജ്യത്തു എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങി കഴിഞ്ഞു. സിനിമാ രംഗം നിശ്ചലമായതോടെ തിരക്കേറിയ സിനിമാ താരങ്ങൾ ഇപ്പോൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ചിത്രങ്ങളുടെ റിലീസുകൾ മാറ്റുകയും പുതിയ ചിത്രങ്ങൾ ഇനി എന്ന് തുടങ്ങുമെന്നറിയാൻ കഴിയാത്ത പ്രതിസന്ധിയിലുമാണ് വേറെ ചിലർ. എന്തായാലും മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഇപ്പോൾ വീടുകളിൽ എന്താണ് ചെയ്യുന്നതെന്ന് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പുറത്തു പറയുകയാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമ രംഗത്തെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ മോഹൻലാൽ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്നാണ് സത്യൻ അന്തിക്കാട് ആദ്യം പറയുന്നത്. മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് കണ്ടിട്ടില്ലെനാണു പ്രിയദർശൻ തന്നോട് പറഞ്ഞതെന്ന് സത്യൻ അന്തിക്കാട് കുറിക്കുന്നു. അതിനു ശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് താൻ മോഹൻലാലിനെ ഫോണിൽ വിളിച്ചപ്പോൾ ചെന്നൈയിലെ വീടിനുമുമ്പിലുള്ള കടലോരത്ത് ചുമ്മാ നടക്കുകയാണ് മോഹൻലാൽ എന്നും സത്യൻ അന്തിക്കാട് പറയുന്നു.
മറ്റു താരങ്ങളും താനും വീട്ടിൽ എന്ത് ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടി എറണാകുളത്ത് പുതിയ വീട്ടിലേക്കു താമസം മാറിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. വീടുമായൊന്നു പരിചയപ്പെടാൻ ഇപ്പോൾ ഇഷ്ടംപോലെ സമയം. ദുൽഖറും സുറുമിയുമൊക്കെ വീട്ടിലുണ്ട്. ജോലിക്കാരെ വിശ്രമിക്കാൻ വിട്ട് നടൻ സിദ്ദിഖ് ഇപ്പോൾ കൂടുതൽ സമയം അടുക്കളയിലാണ്. ഇരിങ്ങാലക്കുടയിലെ വീട് അടിച്ചുവാരുന്നതും തുണികൾ കഴുകി ഉണക്കാനിടുന്നതുമൊക്കെ ഇന്നസെന്റും ആലീസും ചേർന്നാണ്. ജയറാമിനെ ഫോണിൽ വിളിച്ചപ്പോൾ പാർവതി പറഞ്ഞു, ജയറാം ഷർട്ട് ഇസ്തിരിയിടുകയാണ് എന്ന്. തേപ്പുകാരനും സാമൂഹിക അകലത്തിലാണല്ലോ. ശ്രീനിവാസനും വിമലയും വീടിനോടു ചേർന്നു പച്ചക്കറിത്തോട്ടത്തിൽ വിയർത്തു പണിയെടുക്കുന്നു. ഇവിടെ എന്റെ സ്ഥിതിയും വിഭിന്നമല്ല. ഉച്ചതിരിഞ്ഞാൽ വാഴയ്ക്ക് തടമെടുക്കാനും പറമ്പിലെ മറ്റു കൃഷിപ്പണികൾക്കും ഭാര്യ നിമ്മിയെ സഹായിച്ചേ പറ്റൂ. സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലം കൂടിയാണെന്നും നമുക്ക് നമ്മളല്ലാതെ മറ്റാരുമില്ല എന്ന തിരിച്ചറിവ് ലഭിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറയുന്നു. സ്വന്തം വീടിന്റെ ഭൂമിശാസ്ത്രം പോലുമറിയാതെ ജീവിതവിജയത്തിനായി ഓടിനടന്ന പലരും അവനവന്റെ വീട്ടകങ്ങൾ വ്യക്തമായി കാണുന്നത് ഇപ്പോഴാണെന്നും അദ്ദേഹം വിശദമാക്കുന്നു.