ഇവനൊരു സൂപ്പർ സ്റ്റാർ ആയാൽ നമ്മൾ രണ്ടു പേരും രക്ഷപെട്ടു; പ്രിയൻ പറഞ്ഞത് എനിക്കോർമ്മയുണ്ട്..!

Advertisement

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരമായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നാളെ തന്റെ അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. ആ അവസരത്തിൽ മോഹൻലാലിനെ കുറിച്ചും അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ചും ഓർത്തെടുക്കുകയാണ് മോഹൻലാലിനെ വെച്ച് ഏറ്റവും കൂടുതൽ ചിത്രങ്ങളൊരുക്കിയ സംവിധായകരിലൊരാളായ സത്യൻ അന്തിക്കാട്. തന്റെ ജീവിതത്തിൽ രണ്ടു ഘട്ടങ്ങൾ ഉണ്ടെന്നും മോഹൻലാൽ എന്ന നടനെ കണ്ടതിനു ശേഷവും അതിനു മുൻപും ഉള്ള സിനിമകളെന്നു തന്റെ കരിയറിനെ തിരിച്ചു പറയാമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. തന്റെ സിനിമയിൽ അഭിനയിക്കാൻ വന്ന മോഹൻലാൽ തന്റെ ജീവിതത്തിന്റെ കൂടി ഭാഗമായി മാറി എന്നും താൻ അന്ന് വരെ കാണാത്ത ഒരു വലിയ നടനെയാണ് മോഹൻലാലിലൂടെ കണ്ടതെന്നും സത്യൻ അന്തിക്കാട് പറയുന്നു. അതുപോലെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ ഒരിക്കൽ തന്നോട് പറഞ്ഞത് സത്യൻ ഓർത്തെടുക്കുന്നു. ചെന്നൈയിലെ വുഡ് ലാൻഡ്‌സ് ഹോട്ടലിൽ പ്രിയനും സത്യനും മോഹൻലാലും ഒരുമിച്ചു താമസിക്കുന്ന കാലത്തു, കട്ടിലിൽ വളഞ്ഞു കിടന്നുറങ്ങുന്ന ലാലിനെ നോക്കി പ്രിയൻ പറഞ്ഞതിങ്ങനെ, സത്യാ, ഇവനൊരു സൂപ്പർ സ്റ്റാർ ആയാൽ നമ്മൾ രണ്ടു പേരും രക്ഷപെട്ടു.

ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെ താൻ ഈ മനുഷ്യന് അഡിക്ട് ആയി പോയെന്നും മോഹൻലാലിനെ ഓർക്കാതെ ഒരു കഥ പോലും എഴുതാനാവില്ല എന്ന അവസ്ഥ വന്നെന്നും സത്യൻ അന്തിക്കാട് പറയുന്നു. മോഹൻലാൽ എന്ന നടനുണ്ടായത് കൊണ്ടാണ് മലയാളി കുടുംബങ്ങളിലേക്ക് തങ്ങളുടെ സിനിമകൾ എത്തിയത് എന്നും പ്രായത്തേക്കാൾ കൂടുതൽ പക്വതയുള്ള ആളായിരുന്നു പണ്ട് മുതലേ മോഹൻലാൽ എന്നും അദ്ദേഹം പറയുന്നു. മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാനായതും യേശുദാസിനെ തന്റെ സിനിമയിൽ പാടിക്കാനായതും ഇളയ രാജയുടെ സംഗീതം തന്റെ സിനിമയിൽ ഉൾപ്പെടുത്താനായതുമാണ് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ മൂന്നു ഭാഗ്യങ്ങൾ എന്ന് സത്യൻ അന്തിക്കാട് പല തവണ പറഞ്ഞിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close