മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. 1982 ൽ പുറത്തിറങ്ങിയ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ കടന്നുവരുന്നത്. പിന്നീട് മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരുപാട് സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം സമ്മാനിക്കുകയുണ്ടായി. സത്യൻ അന്തിക്കാടിന്റെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് തലയണമന്ത്രം. ഉര്‍വ്വശി അനശ്വരമാക്കിയ കാഞ്ചന എന്ന കഥാപാത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിൽ ഒന്ന് തന്നെയായിരുന്നു. ഉർവശി ഇല്ലായിരുന്നെങ്കിൽ തലയണമന്ത്രം എന്ന സിനിമ താൻ എടുക്കില്ലായിരുന്നുവെന്നും ഉർവശി ഉണ്ടാകുന്ന കാലം വരെ താൻ ആ ചിത്രം മാറ്റിവച്ചേനെയെന്നും സത്യൻ അന്തിക്കാട് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഏത് വേഷവും വളരെ അനായാസമായി കൈകാര്യം ചെയ്യുകയും നല്ല സിനിമയുടെ ഭാഗമാവണം എന്ന ചിന്ത മാത്രമുള്ള നടിയാണ് ഉർവശിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഉർവശിയ്ക്ക് സിനിമയോടുള്ള ആത്മാർത്ഥത കണ്ടു പഠിക്കേണ്ടതാണെന്നും ഇമേജിനെ ഭയക്കുന്ന ഒരു നടിയല്ല ഉർവശിയെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ഇന്നത്തെ കാലത്ത് തലയണമന്ത്രം എന്ന ചിത്രത്തിന് പ്രസക്തി കുറവായിരിക്കുമെന്നും ഇന്ന് എടുത്താലും പഴയ രൂപത്തിൽ വരണമെന്നും ഇല്ലായെന്ന് സത്യൻ അന്തിക്കാട് പറയുകയുണ്ടായി. അന്നത്തെ കാലത്ത് ഉർവശി ചെയ്ത പല കഥാപാത്രങ്ങളും ഇന്ന് ഏറ്റവും നന്നായി ചെയ്യാൻ കഴിവുള്ള താരം അനുശ്രീയാണെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കി. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ അസാധ്യമായി ചെയ്തിട്ടുണ്ടെന്നും ഏത് കഥാപാത്രവും വളരെ തടസവും ബുദ്ധിമുട്ടും ഇല്ലാതെ അനുശ്രീയ്ക്ക് ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തലയണമന്ത്രത്തെ ഇപ്പോൾ അനുശ്രീയുടെ രൂപത്തിൽ വേണമെങ്കിൽ കാണാമെന്നും പക്ഷേ ഉർവശിക്കൊരു പകരക്കാരി ഇല്ലെന്നും സത്യൻ അന്തിക്കാട് വ്യക്തമാക്കി.