ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാളാണ് മലയാളിയായ സന്തോഷ് ശിവൻ. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ ഭാഷകളിലുള്ള ചിത്രങ്ങൾക്ക് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള സന്തോഷ് ശിവൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഒട്ടേറെ ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‍കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ചിട്ടുള്ള ആൾ കൂടിയാണ് സന്തോഷ് ശിവൻ. ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രത്തിന് വേണ്ടിയാണു സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നത്. മോഹൻലാലുമായി ഒരുപാട് വർഷത്തെ സൗഹൃദമാണെന്നും അദ്ദേഹം വിളിച്ചപ്പോൾ താൻ വന്നതാണ് ഈ ചിത്രത്തിന് വേണ്ടിയെന്നും സന്തോഷ് ശിവൻ പറയുന്നു. മനോഹരമായി ചിത്രങ്ങളെടുക്കുന്ന ആളാണ് മോഹൻലാലെന്നും അദ്ദേഹം എടുക്കുന്ന ചിത്രങ്ങളെല്ലാം തനിക്കു അയച്ചു തരികയും തങ്ങൾ അതേ കുറിച്ച് നിരന്തരം സംസാരിക്കുകയും ചെയ്യാറുണ്ടെന്നും സന്തോഷ് ശിവൻ പറയുന്നു.
തനിക്കു ഏറ്റവും കൂടുതൽ ദേശീയ പുരസ്‍കാരങ്ങൾ ലഭിച്ചത് മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിലൂടെ ആണെന്നും സന്തോഷ് ശിവൻ ഓർത്തെടുക്കുന്നു. പെരുംതച്ചൻ എന്ന മലയാള ചിത്രത്തിലൂടെ ഛായാഗ്രഹണത്തിനുള്ള ആദ്യത്തെ ദേശീയ അവാർഡ് നേടിയ സന്തോഷ് ശിവൻ പിന്നീട് അതേ കാറ്റഗറിയിൽ അവാർഡ് നേടിയത് കാലാപാനി, ഇരുവർ, ദിൽസേ എന്നീ ചിത്രങ്ങൾക്കാണ്. അതിൽ കാലാപാനി മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലും, ഇരുവർ മോഹൻലാൽ- മണി രത്‌നം കൂട്ടുകെട്ടിലും ഒരുങ്ങിയ ചിത്രങ്ങളാണ്. ഇത് കൂടാതെ കാലാപാനി, പവിത്രം എന്നീ മോഹൻലാൽ ചിത്രങ്ങളിലൂടെ കേരളാ സംസഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ദ്രജാലം, നമ്പർ 20 മദ്രാസ് മെയിൽ, അപ്പു, അഹം, യോദ്ധ, ഗാന്ധർവം, പവിത്രം, നിർണ്ണയം, കാലാപാനി, ഇരുവർ, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിൽ ആണ് ബറോസിന് മുൻപ് മോഹൻലാൽ- സന്തോഷ് ശിവൻ ടീം ഒന്നിച്ചിട്ടുള്ളത്. കലകളെ ഒരുപാട് സ്നേഹിക്കുന്ന, പഴയ കാര്യങ്ങളെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളാണ് മോഹൻലാൽ എന്നും സിനിമയുടെ എല്ലാ വിഭാഗങ്ങളേയും കുറിച്ചുള്ള അറിവുള്ള, അതിനെക്കുറിച്ചു പഠിക്കാനും താല്പര്യമുള്ള ആള് കൂടിയാണ് അദ്ദേഹമെന്നും സന്തോഷ് ശിവൻ പറയുന്നു. സിനിമ ഡാഡി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നതു.