വയനാട് ജില്ലയിൽ നിന്നു ആദ്യമായി ഒരു സിവിൽ സർവീസുകാരി പിറന്നിരിക്കുകയാണ്. 410 ആം റാങ്ക് നേടി ആണ് ശ്രീധന്യ എന്ന മിടുക്കി സിവിൽ സർവീസ് പരീക്ഷയിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയത്. സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതിയാണ് ഗോത്ര വിഭാഗത്തിൽ പെട്ട ശ്രീധന്യ ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത് എന്നു അവരെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീധന്യയുടെ നേട്ടം ഏറെ പേർക്ക് പ്രചോദനം ആവുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ശ്രീധന്യയുടെ വീട് സന്ദർശിച്ച സിനിമാ താരം സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. ആ കുട്ടിയും കുടുംബവും അനുഭവിക്കുന്ന കഷ്ടപ്പാട് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നുണ്ട്.
താൻ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ ഐ ആ എസ് എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു എന്നുംതനിക്കു അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് അഭിമാനമുണ്ട് എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ തന്നെ സ്വീകരിച്ചു എന്നു പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് ശ്രീധന്യ ഈ വിജയം കൈവരിച്ചത് എന്നും എടുത്തു പറയുന്നു. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാ൯ സാധിക്കാത്തതില് തനിക്ക് ഇപ്പോള് വിഷമമുണ്ട് എന്നും അദ്ദേഹം കുറിച്ചു. അവർക്ക് വീട്ടുപകരണങ്ങളും വാങ്ങി നല്കിയിട്ടാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ഒപ്പം അവിടം സന്ദര്ശിച്ചതിന്റെ വീഡിയോയും അദ്ദേഹം ചേർത്തിട്ടുണ്ട്.