മലയാള സിനിമയിലേക്ക് കടന്നു വരാൻ താല്പര്യമുള്ള സ്ത്രീകളോട് സാന്ദ്ര തോമസിന് പറയാനുള്ളത്..!

Advertisement

മലയാള സിനിമയിൽ വന്നു ശ്രദ്ധേയമായ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവും നടിയുമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം ചേർന്ന് സാന്ദ്ര ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൌസ് വഴിയാണ് ഒട്ടേറെ മികച്ച ചിത്രങ്ങൾ അവർ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് വേർപിരിഞ്ഞു കുടുംബ ജീവിതവുമായി സാന്ദ്ര മുന്നോട്ടു നീങ്ങിയെങ്കിലും, ഇപ്പോഴും സിനിമ ചർച്ചകളിലും സോഷ്യൽ മീഡിയയിലും സജീവമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര തോമസ് പറഞ്ഞ ചില കാര്യങ്ങൾ വലിയ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിലേക്ക് കടന്നു വരാൻ താല്പര്യമുള്ള സ്ത്രീകളോട് എന്ന രീതിയിൽ ആണ് സാന്ദ്ര തോമസ് ചില കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതു. സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്നം പറയാൻ ആരുമില്ലെന്നും, ഇത് മനസിലാക്കുന്ന ഒരാൾ പോലുമില്ലെന്നും സാന്ദ്ര തോമസ് പറയുന്നു.

ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നത് കൊണ്ട് തന്നെ അവരുടെ കാഴ്ചപ്പാടിലാണ് കാര്യങ്ങളെ കാണുന്നത് എന്നും, സിനിമ മേഖലയിൽ പ്രത്യേകിച്ചും സ്ത്രീ ഒരു പ്രശ്നത്തെ നേരിടുന്നതു പോലെയായിരിക്കില്ല പുരുഷന്മാര്‍ നേരിടുന്നത് എന്നും അവർ പറയുന്നു. ഇടുക്കിയിൽ ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ ലൊക്കേഷനിലുണ്ടായ അനുഭവവും സാന്ദ്ര പങ്കു വെക്കുന്നു. സെറ്റില്‍ കാരവന്‍ ഇല്ലാത്തതിനാല്‍ ഇടുക്കിയിലെ എല്ലാ വീടുകളിലും ബാത്റൂമില്‍ പോയെന്നാണ് സാന്ദ്ര പറയുന്നത്. ആട് സിനിമ ചെയ്യുന്ന സമയത്ത് പ്രൊഡ്യൂസറായിരുന്ന താൻ മാത്രമാണ് സ്ത്രീയായിട്ടുണ്ടായിരുന്നുള്ളു എന്നത് കൊണ്ട് തന്നെ, ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് കാരവന്‍ എന്ന് പറഞ്ഞ് കാരവന്‍ എടുത്തില്ല എന്നും, ഇത് തനിക്കു ഏറെ ബുദ്ധിമുട്ടുണ്ടാക്കി എന്നും സാന്ദ്ര വെളിപ്പെടുത്തി. മലയാള സിനിമ പുരുഷന്‍മാരുടെ ഒരു സ്ഥലമെന്ന നിലയില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത് എന്ന് പറയുന്ന സാന്ദ്ര, മലയാള സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളോട് പറയുന്നത് ഇതൊരു കംഫര്‍ട്ടിബിള്‍ സ്‌പേസ് അല്ല എന്നും വൈകാരിക സമ്മർദവും മാനസികമായ പീഡനവും വളരെ കൂടുതലാണ് എന്നുമാണ്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close