മലയാളികളുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ് സംയുക്‌ത വർമ്മ. വെറും നാല് വർഷം മാത്രമേ സംയുക്ത അഭിനയ രംഗത്തുണ്ടായിരുന്നുള്ളെങ്കിലും, ആ സമയം കൊണ്ട് ചെയ്ത പതിനെട്ടോളം ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിലും മലയാള സിനിമയിലും സ്വന്തമായൊരിടം കണ്ടെത്താൻ ഈ നടിക്ക് സാധിച്ചു. നടൻ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ജീവിതം വേണ്ടെന്നു വെച്ച സംയുക്ത ഇടയ്ക്കു ബിജു മേനോനോടൊപ്പം ചില പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതൊഴിച്ചാൽ മുഴുവനായും വെള്ളിവെളിച്ചത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇപ്പോഴിതാ ഏകദേശം ഇരുപതോളം വർഷങ്ങൾക്കു ശേഷം സംയുക്ത വർമ്മ കൊടുത്ത ഒരഭിമുഖത്തിൽ ഈ നടി പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ്സ് തുറക്കുന്നത്.
2009ല്‍ പുറത്തുവന്ന ഹരിഹരന്‍-മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ കനിഹ അവതരിപ്പിച്ച നായിക വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് സംയുക്ത വർമ്മയെ ആയിരുന്നു എന്ന് വാർത്തകൾ വന്നായിരുന്നു. അത് സത്യമാണെന്നും, പക്ഷെ താനത് നിരസിച്ചതാണെന്നും സംയുക്ത പറയുന്നു. അതിനു കാരണമായി സംയുക്‌ത പറയുന്നത്, അന്ന് തന്റെ മകന്‍ വളരെ ചെറുതായിരുന്നു എന്നും, ആ സമയത്ത് താൻ അമ്മയായുള്ള തന്റെ ജീവിതം ഏറെയാസ്വദിക്കുകയായിരുന്നു എന്നുമാണ്. അന്നങ്ങനെ അഭിനയിക്കാനുള്ള ആഗ്രവുമുണ്ടായില്ലയെന്നും, അതുകൊണ്ടാണ് ആ റോള്‍ വേണ്ടെന്നു വെച്ചെതെന്നും സംയുക്ത പറഞ്ഞു. ഇനി അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു പ്ലാനും ഇട്ടിട്ടില്ലായെന്നും, ഇടയ്ക്കു ഏതാനും നല്ല കഥകൾ മുന്നിൽ വന്നിരുന്നു എന്നുമായിരുന്നു നടിയുടെ മറുപടി. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഏറെ തിരക്കിലുമാണ് സംയുക്തയിപ്പോൾ. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിയ നടി കൂടിയാണ് സംയുക്ത വർമ്മ.