അനിശ്ചിതത്വങ്ങൾക്കൊടുവിൽ സൽമാൻ ഖാന് ജാമ്യം.

Advertisement

കഴിഞ്ഞ ദിവസം വന്ന ജോധ്പൂർ കോടതി വിധിയെ തുടർന്ന് അറസ്റ്റിലായ ബോളീവുഡ് സൂപ്പർതാരം സൽമാൻ ഖാന് കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിലാണ് കഴിഞ്ഞ ബുധനാഴ്ച്ച സൽമാൻ ഖാനെ കോടതി അഞ്ചു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ജാമ്യത്തിനായി പിറ്റേന്ന് മുതൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും അതെല്ലാം തള്ളുകയായിരുന്നു. ഇന്ന് ജോധ്പൂർ കോടതിയിലെ ജഡ്ജി സ്ഥലം മാറ്റം വാങ്ങി പോകുന്നതിനാൽ ജാമ്യം നീളുമെന്ന് വാർത്തകൾ പ്രചരിച്ചതിനിടെയാണ്, സൽമാൻ ഖാന് കോടതി ജാമ്യം അനുവദിച്ചത്. അൻപതിനായിരം രൂപയുടെ ബോണ്ടിലും രണ്ടു ആൾ ജാമ്യത്തിലുമാണ് കോടതി സൽമാനെ വിട്ടയക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സൽമാൻ ഖാനെ വിട്ടയയ്ക്കാനുള്ള തീരുമാനത്തിനെതിരെ ബിഷ്‌ണോയി സമുദായം അപ്പീൽ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇരുപത് വർഷങ്ങൾക്ക് മുൻപായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. ഹം സാഥ് സാഥ് ഹേൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ച് വനത്തിൽ കയറി കൃഷ്ണമൃഗത്തെ സൽമാനും സുഹൃത്തുക്കളും ചേർന്ന് വേട്ടയാടി കൊല്ലുകയായിരുന്നു. സൽമാൻ ഖാനോടൊപ്പം കേസിൽ ഏഴുപ്രതികളാണ് ഉണ്ടായിരുന്നത്. അനധികൃതമായി ലൈസന്‍സ് ഇല്ലാതെയുള്ള തോക്ക് ഉപയോഗം മൃഗവേട്ട തുടങ്ങിയ കേസുകളാണ് സൽമാനെതിരെ ചുമത്തിയത്. സൽമാൻ ഒപ്പം പ്രതിയായിരുന്ന സിനിമാ താരങ്ങളായ സൈഫ് അലി ഖാനെയും, തബുവിനെയും മുൻപ് കോടതി വിട്ടയച്ചിരുന്നു. ഇരുപത് വർഷത്തോളം നീണ്ട വാദങ്ങൾക്കും കേസുകൾക്കും ഒടുവിലായിരുന്നു കഴിഞ്ഞ ദിവസം വിധി വന്നത്. അറസ്റ്റിനെ തുടർന്ന് സൽമാൻ ചിത്രങ്ങളുടെ നിർമ്മാതാക്കളും ഇനി എന്ത് ചെയ്യുമെന്ന അങ്കലാപ്പിലായിരുന്നു. എന്ത് തന്നെയായാലും അറസ്റ്റ് മൂലം പ്രതിസന്ധിയിലായിരുന്നു ബോളീവുഡ് സിനിമ ലോകത്തിനു വലിയ ആശ്വാസമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close