ചിരഞ്ജീവിയ്ക്കൊപ്പം ഗ്യാങ്സ്റ്റർ- ഡാൻസറായി ബോളിവുഡ് ഖാൻ; ഖുറേഷിയ്ക്കും മസൂദിനുമായി ആകാംക്ഷയോടെ ആരാധകർ

Advertisement

ടോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ ഗോഡ്ഫാദർ. മലയാളത്തിൽ ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത ലൂസിഫർ ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണിത്. അതിനാൽ തന്നെ സ്റ്റീഫൻ നെടുമ്പള്ളിയുടെ തെലുങ്ക് വേർഷൻ കാണാൻ മലയാളി പ്രേക്ഷകരും അതിയായ ആകാംക്ഷയിലാണ്. ദീപാവലി റിലീസായി തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഗോഡ് ഫാദറിൽ ചിരഞ്ജീവിയ്ക്കൊപ്പം ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും എത്തുന്നുവെന്നതാണ് ആരാധകർ ആഘോഷമാക്കിയ ഏറ്റവും പുതിയ വാർത്ത. ഇതുമായി ബന്ധപ്പെട്ട ഏതാനും സ്റ്റിൽ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രമായാണ് ഗോഡ് ഫാദറിൽ സൽമാൻ എത്തുന്നത്. ഗോഡ്‌ഫാദറിനായി ഭായിക്കൊപ്പം ചുവടുവയ്‌ക്കുന്നു എന്ന് കുറിച്ചുകൊണ്ട് നടൻ ചിരഞ്‌ജീവി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രേക്ഷകർക്ക് ഇത് ഒരു ദൃശ്യവിരുന്ന് ആയിരിക്കുമെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.

Advertisement

ലൂസിഫറിന്റെ ക്ലൈമാക്സിലുള്ള ‘റഫ്താര’ എന്ന ഹിന്ദി ഗാനം ഏറെ സ്വീകാര്യത നേടിയിരുന്നു. അതിനാൽ തെലുങ്ക് പതിപ്പിന്റെ ഗാനരംഗത്തിൽ രണ്ട് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങൾ ചുവടുവയ്ക്കുന്നു എന്നതാകട്ടെ സിനിമാപ്രേമികളെ ഏറെ ആവേശത്തിലാക്കുമെന്നതും ഉറപ്പാണ്. എന്നാൽ ഗാനരംഗത്തിലെ കാമിയോ റോളിൽ മാത്രമല്ല, സിനിമയിൽ ഒരു മുഴുനീള കഥാപാത്രമാണ് സൽമാൻ ഖാനുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു. മുൻപ് സിനിമയിലേക്ക് ക്ഷണിക്കുന്നതിനായി ചിരഞ്ജീവി സൽമാൻ ഖാന് 20 കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ പണം തന്നാൽ താൻ അഭിനയിക്കില്ലെന്നും പതിറ്റാണ്ടുകളുടെ സൗഹൃദമാണ് തമ്മിലുള്ളതെന്നുമാണ് സൽമാൻ ഖാൻ അറിയിച്ചത്.

മോഹരാജാണ് തെലുങ്ക് പതിപ്പിന്റെ സംവിധായകൻ. മലയാളത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനിയായി നയൻതാര എത്തും. കൂടാതെ, ഹരീഷ് ഉത്തമൻ, വംശി കൃഷ്ണ, ജയപ്രകാശ് എന്നിവരും ചിത്രത്തിന്റെ അഭിനയനിരയിലുണ്ട്. ഗോഡ് ഫാദറിലെ നൃത്തരംഗങ്ങൾ ഒരുക്കുന്നത് പ്രഭു ദേവയാണ്. തമൻ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നു. സിൽവയാണ് മാസ് ആക്ഷൻ ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ. നീരവ് ഷാ ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നു. ചിരഞ്ജീവിയുടെ കരിയറിലെ 153-ാമത്തെ ചിത്രമായ ഗോഡ് ഫാദർ നിർമിക്കുന്നത് കോനികഡേല പ്രൊഡക്‌‌ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close