നിൽക്കുന്ന സമയംവരെ സിക്സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും; വൈറൽ ആയി സലിം കുമാറിന്റെ ബർത്ഡേ പോസ്റ്റ്..!

Advertisement

മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളുടെ കൂട്ടത്തിൽ ആണ് സലിം കുമാറിന് സ്ഥാനം. മിനി സ്ക്രീനിലൂടെയും സിനിമയിലെ ചെറിയ ചെറിയ ഹാസ്യ വേഷങ്ങളിലൂടെയും തൊണ്ണൂറുകളുടെ മധ്യത്തോടെ മലയാള സിനിമാ പ്രേമികൾക്കിടയിൽ പേരെടുത്ത സലിം കുമാർ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങുമ്പോഴേക്കും മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടൻ ആയി മാറിയിരുന്നു. അതിനു ശേഷം നൂറു കണക്കിന് ഹാസ്യ വേഷങ്ങളിലൂടെ ഈ നടൻ മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരുടെ പട്ടികയിൽ അംഗമായി. ഹാസ്യത്തിനൊപ്പം ഏത് തരം വേഷവും തനിക്ക് വഴങ്ങും എന്നു തെളിയിച്ച ഈ നടൻ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡും സ്വന്തമാക്കി. സംവിധായകൻ എന്ന നിലയിലും പേരെടുത്ത സലിം കുമാർ ഇന്ന് തന്റെ അൻപതാം ജന്മദിനം ആഘോഷിക്കുകയാണ്.

തന്റെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹം ഇട്ട രസകരമായ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആ പോസ്റ്റിനൊപ്പം രസകരമായ ഒരു ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, “അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു. ദുർഘടമായിരുന്നു ഈ ഇന്നിങ്സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചു. അനുഭവങ്ങളേ നന്ദി..ഈ ഇന്നിങ്സിൽ ടോട്ടൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട്‌ വിളിച്ചത്. എന്നാൽ എന്റെ അപ്പീലിൽ അതെല്ലാം തള്ളി പോവുകയാണുണ്ടായത്. ഒരിക്കൽ ഔട്ട്‌ ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാൽ തേർഡ് അമ്പയർ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.

Advertisement

എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്സ്മാന്മാർ ഔട്ട്‌ ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാൻ. പ്രിയ സുഹൃത്തുക്കളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഈ ഇന്നിങ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം. എന്നാലും ക്രീസിൽ നിൽക്കുന്നതിന്റെ സമയദൈർഘ്യം കൂട്ടുവാൻവേണ്ടി ഒരു ഡിഫെൻസ് ഗെയിമും ഞാൻ കളിക്കുകയില്ല. നിൽക്കുന്ന സമയംവരെ സിക്സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും. ഈ അമ്പത് വർഷത്തിനിടയിൽ ഒരുപാട് വേഷത്തിൽ ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാർത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ..അപ്പോഴെല്ലാം എനിക്ക് വേണ്ട സ്നേഹവും പ്രോത്സാഹനവും തന്ന നിങ്ങൾക്കേവർക്കും ഞാൻ ഇപ്പോൾ നന്ദി രേഖപ്പെടുത്തുന്നില്ല, കാരണം ‘നന്ദി’ വാക്കുകൾകൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സിൽ എക്കാലവും സൂക്ഷിച്ചു വയ്‌ക്കേണ്ട ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹത്തോടെ
സലിംകുമാർ”.

Advertisement

Copyright © 2017 onlookersmedia.

Press ESC to close