തന്റെ ആദ്യ ചിത്രം തന്നെ ദേശീയ തലത്തിൽ എത്തിച്ച സംവിധായകൻ ആണ് സലിം അഹമ്മദ്. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു ശേഷം മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളും ടോവിനോ തോമസിനെ നായകനാക്കി ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രവും സലിം അഹമ്മദ് ഒരുക്കി. ഇതിൽ പത്തേമാരിയും ദേശീയ ശ്രദ്ധ നേടിയിരുന്നു. ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രമാവട്ടെ റിലീസിന് മുൻപേ തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു ഭാഗ്യം കൂടി തന്നെ തേടി വന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് സലീം അഹമ്മദ്.
സലിം അഹമ്മദ് ബിരുദ പഠനം പൂർത്തിയാക്കിയത് കോഴിക്കോട് സർവകലാശാലയുടെ കീഴിൽ ആണ്. ഇപ്പോൾ അതേ സർവകലാശാല തന്നെ തങ്ങളുടെ ബി എ മലയാളം സിലബസിൽ ദൃശ്യ കലാ സാഹിത്യം എന്ന വിഭാഗത്തിൽ സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന്റെ തിരക്കഥ ഉൾപ്പെടുത്തിയിരിക്കുകയാണ്. ബിരുദം ലഭിച്ച അതേ യൂണിവേഴ്സിറ്റിയിൽ തന്നെ വർഷങ്ങൾക്കു ശേഷം തന്റെ തിരക്കഥ പാഠ്യ വിഷയമാക്കി എന്നറിയുമ്പോൾ ഉള്ള നിറഞ്ഞ സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ് സലിം അഹമ്മദ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തമായി ഒരിടം നേടിയെടുത്ത ഈ സംവിധായകനിൽ ഇന്ന് പ്രതീക്ഷകളേറെയാണ് മലയാള സിനിമാ പ്രേമികൾക്ക്. ഓരോ ചിത്രവും ഒരനുഭവം ആക്കി മാറ്റുന്ന സലിം അഹമ്മദിന്റെ പുതിയ ചിത്രം ഏതെന്നു അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.