100 ചിത്രങ്ങൾ തികച്ചു സൈജു കുറുപ്പ്; ഏറ്റവുമിഷ്ടപെട്ട കഥാപാത്രമേതെന്നു വെളിപ്പെടുത്തി നടൻ..!

Advertisement

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പതിനാറു വർഷങ്ങൾ തികയുമ്പോൾ നൂറു സിനിമ എന്ന മാന്ത്രിക സംഖ്യയിലേക്കു കൂടി കടക്കുകയാണ് സൈജു. ഒട്ടേറെ രസകരമായതും മികച്ചതുമായ കഥാപാത്രങ്ങൾ നമ്മുക്ക് മുന്നിൽ എത്തിച്ചിട്ടുള്ള ഈ നടൻ തന്റേതു മാത്രമായ ഒരു അഭിനയ ശൈലി കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കലാകാരനാണ്. നായകനായും വില്ലനായും സഹനടനായും ഹാസ്യ നടനയുമെല്ലാം അഭിനയിച്ചിട്ടുള്ള സൈജു കുറുപ്പിന് കരിയറിൽ ബ്രേക്ക് നൽകിയത് ഹാസ്യം കലർന്ന കഥാപാത്രങ്ങൾ തന്നെയാണ്. പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളും അനായാസമായി ചെയ്തു ഫലിപ്പിച്ച സൈജു കുറുപ്പ് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിലെത്തി. ബാബ കല്യാണി, ലയൺ, ഹലോ, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ട്രിവാൻഡ്രം ലോഡ്ജ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 1983, ലുക്കാ ചുപ്പി, ആട് ഒരു ഭീകര ജീവിയാണ്, ആക്ഷൻ ഹീറോ ബിജു, ഹാപ്പി വെഡിങ്, ആട് 2, തീവണ്ടി, കോടതി സമക്ഷം ബാലൻ വക്കീൽ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, പ്രതി പൂവൻ കോഴി, ഡ്രൈവിംഗ് ലൈസെൻസ്, ഫോറൻസിക്, സീ യു സൂൺ എന്നിവ ഈ നടന്റെ കരിയറിലെ പ്രധാന ചിത്രങ്ങളാണ്. ഇതിൽ തന്നെ ട്രിവാൻഡ്രം ലോഡ്ജ്, 1983, ആട് ഒരു ഭീകര ജീവിയാണ്, ആട് 2 , ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഡ്രൈവിംഗ് ലൈസെൻസ് എന്നിവയെല്ലാം സൈജുവിന്റെ ജനപ്രീതി വളരെയധികം വർധിപ്പിച്ച ചിത്രങ്ങളാണ്.

ഇപ്പോൾ നൂറു കഥാപാത്രങ്ങൾ ചെയ്തു പൂർത്തിയാക്കുമ്പോൾ തന്റെ കരിയറിലെ ഏറ്റവും പ്രീയപ്പട്ട കഥാപാത്രമേതെന്നു വെളിപ്പെടുത്തുകയാണ് ഈ നടൻ. അത് തന്റെ ആദ്യ ചിത്രമായ മയൂഖത്തിലെ ഉണ്ണിക്കേശവൻ തന്നെയാണെന്ന് സൈജു പറയുന്നു. അതിലെ നായക വേഷം തനിക്ക് അത്രമേൽ പ്രീയപെട്ടതാണ് എന്നാണ് സൈജു പറയുന്നത്. ഉണ്ണിക്കേശവന്‍ തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമാണ് എന്നും വില്ലൻറെയും നായകന്റെയും പരിവേഷങ്ങൾ ഒരേ സമയം പ്രതിഫലിപ്പിക്കുന്ന അത്തരമൊരു ശ്കതമായ കഥാപാത്രം ആദ്യ ചിത്രത്തിൽ തന്നെ ചെയ്യാൻ സാധിച്ചത് വളരെ വലിയ ഒരു അനുഗ്രഹമെന്നും സൈജു പറയുന്നു. എല്ലാറ്റിനുമുപരി മഹാനായ സംവിധായകന്‍ ഹരിഹരന്‍ സാറിന്റെ ചിത്രത്തിലൂടെ നായകനായി തുടക്കം എന്ന ഭാഗ്യവും ലഭിച്ചു. മയൂഖത്തിലൂടെ യേശുദാസ്, എം.ജി ശ്രീകുമാര്‍, ജയചന്ദ്രന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ചുണ്ടനക്കാന്‍ സാധിച്ചുവെന്നത് മറ്റൊരു ഭാഗ്യമെന്നും സൈജു കുറുപ്പ് ഓർത്തെടുക്കുന്നു. മയൂഖം കൂടാതെ സൈജുവിന്‌ പ്രീയപ്പെട്ട തന്റെ കഥാപാത്രങ്ങൾ മോഹൻലാൽ നായകനായ ബാബ കല്യാണി, ഹലോ എന്നീ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close