സെയ്ഫിന്റെ വിക്രമും ഹൃത്വിക്കിന്റെ വേദയും ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

Advertisement

അതിസമർഥനായ പൊലീസുകാരനായി തമിഴകത്തിന്റെ റൊമാന്റിക് ഹീറോ മാധവനും, നിശബ്ദനും അതിലുപരി അപകടകാരിയുമായ ഗാങ്സ്റ്ററായി വിജയ് സേതുപതിയും മാറ്റുരച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം വേദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം ഒരുക്കിയത് പുഷ്കര്‍- ​ഗായത്രി എന്ന സംവിധായക ദമ്പതികളാണ്. തമിഴിൽ വൻഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കും ഇക്കഴിഞ്ഞ ജൂൺ മാസം അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞിരുന്നു.

സെയ്ഫ് അലി ഖാനെയും ഹൃത്വിക് റോഷനെയും മുഖ്യകഥാപാത്രങ്ങളാക്കി പുഷ്കര്‍- ​ഗായത്രി തന്നെയാണ് ബോളിവുഡിലും ഇതേ പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ ജനപ്രിയ താരങ്ങളായ സെയ്ഫും ഹൃത്വിക്കും, മാധവനും സേതുപതിയും ചെയ്ത കഥാപാത്രങ്ങളെ എത്രമാത്രം മികവുറ്റതാക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ വർഷം സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Advertisement

നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന വിക്രം വേദയുടെ ടീസർ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന മീഡിയ സ്ക്രീനിങ്ങിൽ വച്ച് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. വിക്രം ഗാങ്സ്റ്റർ വേദയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട് വേദ കഥ പറയുന്നതും, ആക്ഷൻ- പാക്ക്ഡ് ഗാങ്സ്റ്റർ രംഗങ്ങളും ചേർത്താണ് ടീസർ അവതരിപ്പിച്ചിട്ടുള്ളത്.

ഹിന്ദി റീമേക്കില്‍ വിക്രം എന്ന പൊലീസുകാരനെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. വേദയായി എത്തുന്നത് ഹൃത്വിക് റോഷനും. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹിന്ദി ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെ ആണ്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയ്ക്കൊപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ബോളിവുഡ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close