എന്തിരനും ബാഹുബലിക്കും ശേഷം വിസ്മയം വിരിയിക്കാൻ സാബു സിറിൽ ഇനി മരക്കാറിൽ..!

Advertisement

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആര്ട്ട് ഡയറക്ടർ ആരെന്ന ചോദ്യത്തിന് ഇപ്പോൾ ഏവരുടെയും മനസ്സിൽ ഒരുത്തരമേ ഉണ്ടാകു. സാബു സിറിൽ എന്ന മഹാപ്രതിഭയെ മാറ്റി നിർത്തി ഒരു ചലച്ചിത്ര വിസ്മയം ഇന്ത്യൻ സിനിമയിൽ ഇന്ന് ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സാബു സിറിൽ ലഭ്യമല്ലെങ്കിൽ മാത്രമേ മറ്റുള്ളവരെ തേടി സംവിധായകരും നിർമ്മാതാക്കളും പോകാറുള്ളൂ എന്നതും പരസ്യമായ രഹസ്യമാണ്. തേന്മാവിൻ കൊമ്പത്തു, കാലാപാനി, അശോക, അന്യൻ, എന്തിരൻ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലൂടെ സാബു സിറിൽ നമ്മുക്ക് മുന്നിൽ ഒരുക്കിയത് ഒരു വിസ്മയലോകം തന്നെയാണ്. ഈ ചിത്രങ്ങളിൽ നമ്മൾ കണ്ട കാഴ്ചകൾ ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടെങ്കിൽ അതീ മനുഷ്യന്റെ കൂടി കഴിവാണ്. സാബു സിറിൽ ഇതാ ഒരിക്കൽ കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്, അതും തന്റെ പ്രീയപ്പെട്ട കൂട്ടുകെട്ടായ മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ.

സാബു ഈ ചിത്രത്തിന്റെ കലാ സംവിധായകനായി ജോയിൻ ചെയ്ത വിവരം ഒഫീഷ്യൽ ആയി തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടു കഴിഞ്ഞു. ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കുഞ്ഞാലി മരക്കാർ എന്ന ചരിത കഥാപാത്രത്തിന്റെ കാലഘട്ടം ഒരുക്കാൻ സാബുവിനോളം പ്രാപ്തനായുള്ള മറ്റൊരു കലാ സംവിധായകൻ ഇന്ന് നമ്മുക്ക് ലഭ്യമല്ല എന്നിരിക്കെ സാബുവിന്റെ സാന്നിധ്യം ഈ ചിത്രത്തിന് നൽകുന്ന ഊർജം വളരെ വലുതാണ്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിന്റെ ഒപ്പം ഒട്ടനവധി ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുള്ള സാബു സിറിളിന് ഇവരുമായുള്ള സൗഹൃദവും വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഈ ടീമിന്റെ സ്വപ്നചിത്രത്തിൽ സാബുവും തന്റേതായ മാജിക് കൊണ്ട് വരുമെന്നുറപ്പാണ്.

Advertisement

പ്രിയദർശൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ആശീർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാമതു ചിത്രമായ ഇതിൽ സന്തോഷ് ടി കുരുവിള, ഡോക്ടർ സി ജെ റോയ് എന്നിവരും സഹനിർമ്മാതാക്കൾ ആയി എത്തും. ഏകദേശം 100 കോടി രൂപയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. നവംബർ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രം അടുത്ത വർഷം അവസാനത്തോടെ മാത്രമേ തീയേറ്ററുകളിൽ എത്താൻ സാധ്യതയുള്ളൂ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close