സൂപ്പർ ഹിറ്റായ ഉയരേക്ക് ശേഷം ജാനകി ജാനേയുമായി എസ് ക്യൂബ് ഫിലിംസ്; ഫസ്റ്റ് ലുക്ക് എത്തി

Advertisement

ഉയരേ എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ച് കൊണ്ടാണ് എസ് ക്യൂബ് ഫിലിംസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നവാഗതനായ മനു ആണ് സംവിധാനം ചെയ്തത്. പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ ബാനർ ആണ് എസ് ക്യൂബ് ഫിലിംസ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിച്ച ഉയരേ വളരെ സമകാലിക പ്രസക്തിയുള്ള ഒരു വിഷയം ചർച്ച ചെയ്ത് കൊണ്ടാണ് മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയത്. ഇപ്പോഴിതാ ഉയരേക്ക് ശേഷം തങ്ങളുടെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ് അവർ. പ്രശസ്ത സംവിധായകനും നിശ്ചല ഛായാഗ്രാഹകനുമായ അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ ആണ് ഇവർ നിർമ്മിച്ച പുതിയ ചിത്രം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്ത് വന്ന് കഴിഞ്ഞു.

നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു വ്യത്യസ്തമായ പ്രമേയം നർമ്മത്തിൽ ചാലിച്ച് പറയുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. സമ്മർ റിലീസ് ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. കൈലാസ് മേനോൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്യാംപ്രകാശ്, എഡിറ്റ് ചെയ്യുന്നത് നൗഫൽ അബ്ദുള്ള എന്നിവരാണ്. സെക്കൻഡ്‌സ്, മാറ്റിനി, പോപ്‌കോൺ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അനീഷ് ഉപാസന ഒരുക്കിയ നാലാം ചിത്രമാണ് ജാനകി ജാനേ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close