
പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഇന്ത്യക്കാർക്കും ഏറെ പ്രിയങ്കരനാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇന്ത്യൻ ഗാനങ്ങൾക്കും ഇന്ത്യൻ സിനിമാ ഡയലോഗുകൾക്കും ചുണ്ടനക്കിയും കുടുംബമായി നൃത്തം വെച്ചും ഡേവിഡ് വാർണർ പങ്കു വെച്ച വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. കൂടുതലും തെലുങ്ക് സിനിമാ ഗാനങ്ങൾക്കും അല്ലു അർജുന്റെ സിനിമയിലെ ഡയലോഗുകൾക്കുമാണ് ഡേവിഡ് വാർണർ ചുണ്ടനക്കുനതും നൃത്ത ചെയ്യുന്നതും. പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുന്റെ ലുക്കും മാനറിസങ്ങളും ഡേവിഡ് വാർണർ പരസ്യമായി കളിക്കളത്തിൽ തന്നെ അനുകരിച്ചതും സൂപ്പർ ഹിറ്റായിരുന്നു.
ഇപ്പോഴിതാ അല്ലു അർജുന്റെ പുഷ്പ 2 ഇൽ അതിഥി താരമായി ഡേവിഡ് വാർണർ അഭിനയിക്കുന്നു എന്ന സ്ഥിരീകരിക്കാത്ത വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്റ്റൈലിഷ് വേഷത്തിൽ കയ്യിൽ തോക്കുമായി നിൽക്കുന്ന ഡേവിഡ് വാർണറുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അത് പുഷ്പ 2 ന്റെ സെറ്റിൽ നിന്നുള്ളതാണെന്നാണ് വാർത്തകൾ വരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 ഡിസംബർ ആറിന് പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് വിവരം. അല്ലു അർജുനൊപ്പം മലയാളി താരം ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവരും വേഷമിടുന്ന ഈ ചിത്രം തെലുങ്കിൽ നിന്നുള്ള ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. റിലീസിന് മാസങ്ങൾക്ക് മുൻപ് തന്നെ റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, ഡിസ്ട്രിബൂഷൻ അവകാശങ്ങൾ എന്നിവ വിറ്റു പോയത്. മൈത്രി മൂവീ മേക്കേഴ്‌സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.