ഓസ്‌കാറിന്‌ ഇന്ത്യയിൽ നിന്ന് ആർ ആർ ആർ ഇല്ല; പകരം ഈ ചിത്രം

Advertisement

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടിയ വാർത്തയായിരുന്നു എസ് എസ് രാജമൗലി ചിത്രമായ ആർ ആർ ആർ ഇന്ത്യയിലേക്ക് ഓസ്കാർ കൊണ്ട് വരുമെന്നുള്ളത്. ഇന്ത്യയിലും വിദേശത്തുമുള്ള ചില സിനിമ നിരീക്ഷകരാണ് ഈ ചിത്രം ഓസ്കാർ മത്സരത്തിൽ മുൻപന്തിയിൽ തന്നെയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ആർ ആർ ആർ അന്തിമ പട്ടികയിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും, അങ്ങനെ വന്നാൽ മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച തിരക്കഥ, മികച്ച ഗാനം എന്നീ വിഭാഗങ്ങളിൽ ഈ ചിത്രം ഓസ്കാർ നേടാൻ സാധ്യതയുണ്ടെന്നും പ്രവചനങ്ങൾ വന്നു. ഇപ്പോഴിതാ എല്ലാ പ്രവചനങ്ങളേയും കാറ്റിൽ പറത്തി കൊണ്ട് ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി പോലുമാകാതെ പുറത്തായിരിക്കുകയാണ് ആർ ആർ ആർ. ഇതിനു പകരം ഗുജറാത്തി ചിത്രമായ ഛെല്ലോ ഷോ ആണ് അവാർഡിൽ മത്സരിക്കുക.

ഓസ്കര്‍ പുരസ്കാരങ്ങളിലെ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ ചിത്രം മത്സരിക്കാൻ പോകുന്നത്. എസ് എസ് രാജമൌലിയുടെ ആര്‍ ആര്‍ ആര്‍ കൂടാതെ വിവേക് അഗ്നിഹോത്രിയുടെ ദ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രവും ഇന്ത്യയുടെ ഓസ്കാർ എൻട്രി ആയേക്കാമെന്ന് വാർത്തകൾ വന്നിരുന്നു. അതിനെയെല്ലാം പിന്തള്ളിയാണ് കമിങ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ഗുജറാത്തി ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. പാന്‍ നളിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രം, സമയ് എന്ന ഒന്‍പത് വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധമാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ഭവിന്‍ രബാരി സമയ് എന്ന കേന്ദ്ര കഥാപാത്രത്തിന് ജീവൻ നൽകിയപ്പോൾ, ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപന്‍ റാവല്‍, പരേഷ് മെഹ്ത എന്നിവരും ഇതിലെ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. സ്പെയിനിലെ വല്ലഡോലിഡ് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ സ്പൈക്ക് പുരസ്കാരം നേടി ശ്രദ്ധ ശ്രദ്ധ നേടിയ ഈ ചിത്രം, 2021 ലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിലാണ് പ്രീമിയർ ചെയ്യപ്പെട്ടത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close