ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർ ആർ റിലീസിന് ഒരുങ്ങുകയാണ്. ഈ വരുന്ന വെള്ളിയാഴ്ച ലോകം മുഴുവൻ എട്ടോളം ഭാഷകളിൽ ആയാണ് ഈ ചിത്രം എത്തുക. ഇന്ത്യയിൽ തെലുങ്കു, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ഈ ചിത്രം എത്തുന്നത്. കേരളത്തിൽ 450 മുതൽ 500 സ്‌ക്രീനുകളിൽ വരെ ഈ ചിത്രം റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. തമീൻസ് ഫിൽംസിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പത്തു കോടി രൂപയാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശമായി നൽകിയത് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രം നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള ചിത്രം കൂടിയാണ്.
ഇതിന്റെ ടീസർ, മേക്കിങ് വീഡിയോ, ട്രൈലെർ, മൂന്നു ഗാനങ്ങൾ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ജൂനിയർ എൻ ടി ആർ, റാം ചരൺ, ആലിയ ഭട്ട്, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ് നിർമ്മിച്ചിരിക്കുന്നത്. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് കെ കെ സെന്തിൽ കുമാർ, എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദ്, സംഗീതമൊരുക്കിയത് എം എം കീരവാണി എന്നിവരാണ്. നാനൂറു കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.