ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ചിത്രമാണ് റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഉദയനാണ് താരം. മോഹൻലാലിനെ നായകനാക്കി തന്നെ തന്റെ ആദ്യ ചിത്രമൊരുക്കാൻ കഴിഞ്ഞു എന്നതാണ് റോഷൻ ആൻഡ്രൂസിന്റെ വിജയം. അതെങ്ങനെ സാധിച്ചു എന്നത് ഏറെ നാളുകളായി പലരുടെയും സംശയമാണ്. ഈ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനിപ്പോൾ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോഷൻ ആൻഡ്രൂസ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ചെന്നൈയിൽ പോയാണ് ശ്രീനിവാസനോട് ചിത്രത്തിന്റെ കഥ പറയുന്നത്. ഉദയഭാനു എന്ന പേര് പോലും ആ സമയത്ത് ചിന്തിച്ചിട്ടില്ല. ഒരു സംവിധായകനും നടനും മാത്രമായിരുന്നു കഥയിലുണ്ടായിരുന്നത്. കഥ കേട്ടയുടൻ തന്നെ ശ്രീനിയേട്ടന് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
അസിസ്റ്റന്റ് ഡയറക്ടർ ആയി വന്നതുകൊണ്ട് മാത്രം എനിക്ക് പെട്ടെന്നൊരു നടൻ ഡേറ്റ് തരണമെന്നില്ല. പിന്നീട് അമ്മയുടെ ഒരു പ്രോഗ്രാം നടക്കുന്നതിനിടെയാണ് മോഹൻലാലിനെ നായകനാക്കാം എന്ന ഐഡിയ വരുന്നത്. പിറ്റേദിവസം ഡിസ്കഷൻ തുടങ്ങണം. റൂമിൽ എന്റെയൊപ്പം വിന്ധ്യയേട്ടനും ശ്രീനിയേട്ടനും ഉണ്ടായിരുന്നു. പെട്ടെന്ന് ഡോറിൽ ആരോ തട്ടി. ഞാൻ പോയി തുറന്ന് നോക്കുമ്പോൾ മോഹൻലാൽ നിൽക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ ഞെട്ടി. ലാലേട്ടൻ കയറിവന്ന് ശ്രീനിയേട്ടനെ കെട്ടിപ്പിടിച്ച് തമാശയൊക്കെ പറഞ്ഞ് സംസാരിച്ചു. അദ്ദേഹം ഇറങ്ങിയപ്പോൾ വിന്ധ്യയേട്ടനോട് ഞാൻ ലാലേട്ടൻ ആ റോൾ ചെയ്‌താൽ നല്ലതായിരിക്കും, വെറുതെ ചോദിച്ച് നോക്കിയാലോ എന്ന് പറഞ്ഞു. ഇത് കേട്ടയുടൻ തന്നെ വിന്ധ്യയേട്ടനാണ് പോയി ചോദിച്ചത്. പിന്നീട് ഓടിവന്ന് എനിക്ക് കൈ തന്നിട്ട് സംഭവം നടക്കും എന്ന് പറഞ്ഞു. ഉടൻ തന്നെ ശ്രീനിയേട്ടനെയും കൂട്ടി ഞങ്ങൾ ലാലേട്ടന്റെ അടുത്തുപോയി. പുതുമുഖമാണെന്ന് പറഞ്ഞു. കഥ കേൾക്കട്ടെ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. പിന്നീടാണ് ചിത്രം നടന്നത്. ആദ്യപടിയായി ശ്രീനിയേട്ടന്റെ അടുത്തേക്ക് എത്തുക എന്നതായിരുന്നു എന്റെ പ്രശ്‌നം. അതിലേക്ക് എത്തിയതോടുകൂടി ബാക്കി കാര്യങ്ങൾ ശരിയായെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.