
ബോളിവുഡ് നടൻ ഷാഹിദ് കപൂർ നായകനാകുന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. സിദ്ധാർഥ് റോയ് കപൂർ നിർമിക്കുന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിന് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച റോഷൻ ആൻഡ്രൂസ് ആണെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ തിരക്കഥയെ കുറിച്ച് സംവിധായകനും ഷാഹിദ് കപൂറും നിരവധി തവണ സംസാരിച്ചുവെന്നും, സിനിമ ഇപ്പോൾ പ്രീ- പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നുമാണ് വിവരം. ബോളിവുഡ് നടന്റെ തിരക്കുകൾ കുറയുന്നത് അനുസരിച്ചായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഷാഹിദ് കപൂറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ ദി ഫാമിലി മാൻ വെബ് സീരിസിന്റെ സംവിധായകർ രാജ്-ഡി.കെയുടെ ഫാർസിയും, അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ആക്ഷൻ അഡ്‌വെഞ്ചറുമാണ്. ഇതുകൂടാതെ, ദിനേഷ് വിജയന്റെ ‘യുണീക് ലവ് സ്റ്റോറി’ എന്ന ചിത്രത്തിലും ഷാഹിദ് കപൂർ ഭാഗമാകുന്നുണ്ട്. നാനിയുടെ ജേഴ്സി എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് അടുത്തിടെ റിലീസ് ചെയ്ത ഷാഹിദ് കപൂർ ചിത്രം.
ദുൽഖർ സൽമാന്റെ സല്യൂട്ടിന് ശേഷം റിലീസിനൊരുങ്ങുന്ന റോഷൻ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തിൽ നായകൻ നിവിൻ പോളിയാണ്. സിജു വിൽസൻ, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയചിത്രം ഉദയനാണ് താരം എന്ന സിനിമയിലൂടെയാണ് റോഷൻ ആൻഡ്രൂസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. കായംകുളം കൊച്ചുണ്ണി, മുംബൈ പോലീസ്, ഹൗ ഓൾഡ് ആർ യു എന്നിവ അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളാണ്.