ഇന്ത്യയ്ക്ക് കൺട്രി ഓഫ് ഓണർ; മാധവന്റെ റോക്കട്രി- ദ നമ്പി ഇഫക്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്..!

Advertisement

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് റോക്കട്രി- ദ നമ്പി എഫ്ഫക്റ്റ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ മെയ് 19ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കുമെന്ന വാർത്തയാണ് വരുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രി ആയാണ് ഈ ചിത്രം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളെയറിയിച്ചു. ഇന്ത്യ – ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വര്‍ഷം പിന്നിടുന്ന അവസരത്തില്‍, ഫിലിം ഫെസ്റ്റില്‍ ഇന്ത്യയ്ക്ക് കണ്‍ട്രി ഓഫ് ഓണര്‍ ബഹുമതി നൽകുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലാദ്യമാണ് ഇത്തരത്തില്‍ ഒരു രാജ്യത്തെ ആദരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ സിനിമയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത നടൻ മാധവനാണ് റോക്കട്രി- ദ നമ്പി എഫ്ഫക്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. നമ്പി നാരായണനായി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും മാധവൻ തന്നെയാണ്. ജൂലൈ ഒന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ്, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കാനുള്ള അവസരം ഈ ചിത്രത്തെ തേടിയെത്തിയത്.

പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ച്ചേഴ്‌സും, മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് റോക്കട്രി- ദ നമ്പി എഫ്ഫക്റ്റ് നിർമ്മിച്ചിരിക്കുന്നത്. വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്താണ് സംഭവിച്ചതെന്നും, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ അതെങ്ങനെയാണ് ബാധിച്ചതെന്നുമാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നതു. ഒരേ സമയം ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രീകരിച്ച ഈ ചിത്രം മലയാളം, തെലുങ്ക് , കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റിയെത്തുന്നുണ്ട്. ബോളിവുഡ് താരം ഷാരൂഖ് ഖാനും, കോളിവുഡ് താരം സൂര്യയും അതിഥി വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് സിമ്രാനാണ്. ഫിലിസ് ലോഗന്‍ വിന്‍സന്റ് റിയോറ്റ, റോണ്‍ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങൾ, രജത് കപൂര്‍, രവി രാഘവേന്ദ്ര , മിഷ ഖോഷല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, തുടങ്ങിയ ബോളിവുഡ് താരങ്ങൾ, മലയാളി താരം ദിനേശ് പ്രഭാകർ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close