രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവ്വൻ എന്ന ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിയ്ക്കുകയാണ്. മമ്മൂട്ടി നായകനായി എത്തിയിരിക്കുന്ന ഈ ചിത്രം ഒരു മികച്ച ഫാമിലി എന്റെർറ്റൈനെർ എന്ന അഭിപ്രായം നേടിക്കൊണ്ടാണ് മുന്നേറുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ടു അഭിനന്ദന വാക്കുകളും ആയി ഋഷി രാജ് സിങ് ഐ പി എസ് വിളിച്ചു എന്ന് പറയുകയാണ് രമേശ് പിഷാരടി. ഋഷിരാജ് സിങ് സർ തന്നെ വിളിക്കുകയും ഗാനഗന്ധർവ്വനെ കുറിച്ചും അതു മുന്നോട്ടു വെക്കുന്ന സാമൂഹിക പ്രസക്തമായ വിഷയങ്ങളെ കുറിച്ചും സംസാരിച്ചു എന്നും രമേശ് പിഷാരടി പറയുന്നു. നല്ല വാക്കുകൾക്ക് അദ്ദേഹത്തിന് നന്ദിയും പറയുന്നുണ്ട് സംവിധായകൻ. ഏതു സാഹചര്യവും ഒരു ചെറു പുഞ്ചിരിയോടെ നേരിടുക എന്നതാണ് ഈ ചിത്രം നൽകുന്ന സന്ദേശം എന്ന് റിഷി രാജ് സിങ് പറയുന്നു.
സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ സീനിലും കൗതുകം നില നിർത്താൻ ഈ സിനിമയ്ക്കു സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ഇത് ഒരു കലയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇച്ചായീസ് പ്രൊഡക്ഷന്സും രമേശ് പിഷാരടിയുടെ രമേശ് പിഷാരടി എന്റർടൈൻമെൻസ്റ്റും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് രചിച്ചിരിക്കുന്നത്. കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകന്റെ വേഷത്തിൽ മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖം വന്ദിത മനോഹരൻ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, റാഫി, മണിയൻ പിള്ള രാജു, മുകേഷ് എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.