ടോവിനോ ബഷീറാകുമ്പോൾ, ഭാർഗവിയായി റിമ കല്ലിങ്കൽ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

Advertisement

വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘നീലവെളിച്ചം’ ചെറുകഥയെ ആസ്‌പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ‘നീലവെളിച്ചം’ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന സിനിമയിലെ റിമ കല്ലിങ്കലിന്റെ കാരക്ടർ പോസ്റ്ററാണ് പുതിയതായി എത്തിയത്. ചിത്രത്തിൽ റിമ ‘ഭാർഗവി’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. യുവനടൻ ടോവിനോ തോമസ് മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെപി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയ പ്രമുഖ താരനിരയും അണിനിരക്കുന്നു. 1964ൽ വൈക്കം മുഹമ്മദ് ബഷീർ തിരക്കഥ രചിച്ച്, വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിന്റെ പുനഃരാവിഷ്കാരമാണ് നീലവെളിച്ചം. ഭാർഗ്ഗവീനിലയത്തിൽ പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, മധു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

മായാനദി, വൈറസ്, നാരദന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും നീലവെളിച്ചത്തിനുണ്ട്. 1960കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. സൈജു ശ്രീധരനാണ് എഡിറ്റിങ്. ബിജിബാലും റെക്‌സ് വിജയനും ചേർന്ന് ചിത്രത്തിന് സംഗീതം പകരുന്നു. ഒപിഎം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമിക്കുന്നത്. സിനിമയുടെ പ്രഖ്യാപന സമയത്ത് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരിക്കും അഭിനയിക്കുക എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം താരങ്ങൾക്ക് ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നു. തലശ്ശേരിയാണ് നീലവെളിച്ചത്തിന്റെ പ്രധാന ലൊക്കേഷൻ. നിലവിൽ ചിത്രീകരണം തുടരുന്ന സിനിമ ഡിസംബറിൽ റിലീസിനെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close