കാക്കിപ്പട പറയുന്നത് കാലിക പ്രസക്തിയുള്ള കഥ; ശ്രദ്ധ നേടി മുൻ എസ്‍.പി ജോര്‍ജ് ജോസഫിന്റെ വാക്കുകൾ

Advertisement

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത “കാക്കിപ്പട” എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് നിർമ്മിച്ച ഈ ചിത്രം സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു പ്രമേയമാണ് ചർച്ച ചെയ്യുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയാൻ പോകുന്നത് എന്നും, സ്ഥിരം പോലീസ് അന്വേഷണ കഥകളിൽ നിന്നും വ്യത്യസ്തമായി പോലീസ്സുകാരുടെയും പ്രതിയുടെയും മാനസികാവസ്ഥയും കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരവുമാണ് ഈ ചിത്രത്തിലുണ്ടാവുക എന്നും സിനിമയുടെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച്, റിട്ടയേർഡ് എസ് .പി ജോർജ്ജ് ജോസഫ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച വീഡിയോയിൽ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.

ഒരു എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമ എന്നും കാക്കിപ്പട കാലിക പ്രാധാന്യമുള്ള കഥയാണ് എന്നും അദ്ദേഹം പറയുന്നു. സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് പോലീസ് എന്ന് പറഞ്ഞ ജോർജ് ജോസഫ്, അവര്‍ക്കും ഇങ്ങനെയുള്ള കാര്യത്തിൽ പ്രതിയോട് അമര്‍ഷവും വികാരവും വിദ്വേഷവും ഒക്കെ ഉണ്ടാകുമെന്നും പറയുന്നു. പൊതുജനങ്ങളുടെ പ്രതികരണം എങ്ങനെയാണോ അതുപോലെ തന്നെ അവര്‍ക്കും അങ്ങനെ തന്നെയുണ്ടാകുമെന്നും, അത് സ്വാഭാവികമാണെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു. ക്രിസ്മസ് റിലീസായി എത്തുന്ന ഈ ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close