
ശബ്ദ മിശ്രണത്തിലൂടെ ഇന്ത്യയുടെ അഭിമാനം ലോകത്തിനു മുന്നിൽ ഉയർത്തിയ വ്യക്തിയാണ് റസൂൽ പൂക്കുട്ടി. നിരവധി വർഷം മിക്സിങ് മേഖലയിൽ പ്രവർത്തിച്ച റസൂൽപൂക്കുട്ടി സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ഓസ്കാർ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരുന്നു. പിന്നീട് നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ശബ്ദമിശ്രണം ഒരുക്കിയ റസൂൽ പൂക്കുട്ടി മലയാള ചിത്രങ്ങളായ പഴശ്ശിരാജ, കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങൾക്ക് ശബ്ദമിശ്രണം ഒരുക്കിയിരുന്നു. കമ്മാരസംഭവം ആണ് റസൂൽ പൂക്കുട്ടി അവസാനമായി ശബ്ദമിശ്രണം നടത്തിയ മലയാള ചിത്രം. അതിനുശേഷം അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാർത്തകൾ വന്നിരുന്നു. പ്രേമത്തിന്റെ ഹിന്ദി റീമേക്ക് അർജുൻ കപൂറുമായി ചേർന്നുകൊണ്ട് ഒരുക്കുമെന്ന് വാർത്തകൾ പുറത്തു വന്ന സമയത്ത് തന്നെയാണ് മറ്റൊരു വലിയ വാർത്ത കൂടി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മലയാളത്തിന്റെ നടന വിസ്മയം ശ്രീ മോഹൻലാലുമൊത്ത് റസൂൽ പൂക്കുട്ടിയുടെ ഒരു ചിത്രം വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി റസൂൽ പൂക്കുട്ടിയാണ് ഒരുക്കുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ വെബ് സിനിമയായിരിക്കും. ചിത്രം വെബ്സൈറ്റിൽ ആയിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിനായി മോഹൻലാൽ 45 ദിവസത്തെ ഡേറ്റ് റസൂൽ പൂക്കുട്ടിക്ക് നൽകിയതായാണ് വാർത്തകൾ വരുന്നത്. മോഹൻലാലിന്റെ കൂടെ ഇതുവരെ ഒരു ചിത്രത്തിൽ പോലും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമാണ് മോഹൻലാലിനെ വച്ച് ഒരു ചിത്രം ചെയ്യുക എന്നത് എന്ത് തന്നെയായാലും അത് സാക്ഷാത്കാരത്തിലേക്ക് നീങ്ങുന്നു എന്ന് തന്നെ അനുമാനിക്കാം. ദി സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിൽ നായകനായി എത്തുന്നതിന്റെ തിരക്കുകളിലാണ് റസൂൽ പൂക്കുട്ടി ഇപ്പോൾ.