തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി സംഭവിച്ച ഒരത്ഭുത സിനിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമായി മാറുന്നത്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു ചെറുപ്പക്കാര്‍ അഞ്ചു ദിവസം കൊണ്ട് ക്യാമറയില്‍ പകര്‍ത്തിയ 8000 ചിത്രങ്ങള്‍ കൂട്ടിച്ചേർത്താണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇത്രയും ഫോട്ടോകൾ ഇവർ തുന്നി ചേർത്തത് മാസങ്ങൾ കൊണ്ടാണ്. അതിന്റെ ഫലമാണ് 2KnotE (2കെനോട്ട്) എന്ന അത്ഭുത ചിത്രം. സൗണ്ട് എഞ്ചിനീയറും സംവിധായകനുമായ ജിക്കു എം ജോഷി ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നതു. സാങ്കേതികപരമായ വലിയൊരു സന്ദേശവും ഈ ചിത്രത്തിലൂടെ അദ്ദേഹം നൽകുന്നുണ്ട്. സൗണ്ട് റെക്കോര്‍ഡിസ്റ്റും സൗണ്ട് എഡിറ്ററും എന്ന നിലയില്‍ ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷാചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജിക്കു എം ജോഷി ആദ്യമായി ഒരുക്കിയ ചിത്രമാണിത്. നിശ്ചലചിത്രങ്ങള്‍ കൊണ്ട് ഒരുക്കിയ ഈ സിനിമ ഒരു വലിയ സാങ്കേതിക വിപ്ലവത്തിന് തന്നെയാണ് വഴി തുറക്കുന്നത്.
സൗണ്ട് റെക്കോര്‍ഡിസ്റ്റായി വര്‍ക്ക് ചെയ്യുന്ന സമയത്ത് മുതൽ തന്നെ സിനിമ സംവിധാനം ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ തന്ന ഡിപ്രഷനിലാണ് ഈ സിനിമ ഉണ്ടായതെന്നാണ് സംവിധായകൻ ജിക്കു പറയുന്നത്. ഒരു തീം ഉണ്ടാക്കി അതിന് അനുയോജ്യമായ രീതിയില്‍ ഒരു മുറിയില്‍ 18 ഇഞ്ച് സ്‌ക്വയര്‍ഫീറ്റ് സെറ്റ് ഉണ്ടാക്കി, ജിക്കുവും നാല് സുഹൃത്തുക്കളും നിന്ന് അഞ്ചു ദിവസം കൊണ്ട് 8000 ഫോട്ടോസ് എടുത്ത് ഓരോ ഫോട്ടോയും ചേര്‍ത്തു വച്ച് കോമ്പോസിറ്റ് ചെയ്ത് വീഡിയോ ഉണ്ടാക്കി, എക്‌സ്‌പോട്ട് ചെയ്തു ക്ലിപ്പുകളാക്കി മാറ്റി. പിന്നീട് എഡിറ്റിംഗ്, സ്റ്റെബിലൈസിംഗ് എന്നിവ ചെയ്തു ഔട്ട് എടുത്തതിനു ശേഷം സൗണ്ടും പോസ്റ്റ് ചെയ്തു. അങ്ങനെയാണ് ഈ ചിത്രം ഉണ്ടായി വന്നത്. വളരെയധികം പരിശ്രമം ആവശ്യമുള്ള ഒരു ആശയമായിരുന്നു ഇതെന്നും സെറ്റ് ഉണ്ടാക്കാന്‍ മാത്രം രണ്ടുമാസം എടുത്തു എന്നും ജിക്കു പറയുന്നു. നാല് മാസം കൊണ്ട് പൂർത്തിയായ ഈ ചിത്രത്തിന് വേണ്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് പലരും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. ജോഷിന്‍കുമാര്‍ എം. എം, ഗിരിജാ ജോഷി എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് നിഖില്‍ എസ് പ്രവീണ്‍ ആണ്. ഷെബിന്‍ സെബാസ്റ്റ്യന്‍ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ആനന്ദ് നമ്പ്യാരും പ്രൊഡക്ഷൻ ഡിസൈൻ ചെയ്തത് വിഷ്ണു ശിവ ആണ് സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത് ബോണി. എം. ജോയ്.