കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഒരു വയനാട്ടുകാരി പെൺകുട്ടി ഒരു ഗാനമാലപിക്കുന്ന വീഡിയോ തന്റെ ഫേസ്ബുക് പേജ് വഴി പങ്കു വെച്ചത്. സോഷ്യൽ മീഡിയ മുഴുവൻ വലിയ തരംഗമായി തീർന്ന ആ ഗായിക വയനാട് സ്വദേശിയായ രേണുകയാണ്. മാനന്തവാടി ഹൈസ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന രേണുക ആ വീഡിയോയിൽ പാടിയത് ചമയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ രാജഹംസമേ എന്ന ഗാനമാണ്. തന്റെ അച്ഛൻ പാടുന്നത് കണ്ടാണ് താൻ പാട്ടു പഠിച്ചത് എന്ന് പറഞ്ഞ രേണുക തന്റെ അച്ഛന് ഇപ്പോൾ കാലിനു സുഖമില്ല എന്നും ആ വീഡിയോയിൽ പറയുന്നു. അതിനു ശേഷം തങ്കത്തോണി എന്ന സൂപ്പർ ഹിറ്റ് ഗാനം രേണുക പാടുന്ന വീഡിയോയും പുറത്തു വന്നിരുന്നു. വയനാട്ടിലെ ജോർജ് കോര എന്ന സംഗീത സംവിധായകനാണ് രേണുകയെ ആദ്യം പരിചയപ്പെടുത്തിയത്. ഏതായാലും തങ്കത്തോണിയും പിന്നീട രാജഹംസമേയുമെല്ലാം മനോഹരമായി പാടി ഏവരുടെയും കയ്യടി നേടിയ രേണുക ഉടനെ തന്നെ സിനിമയിലും പാടാൻ പോവുകയാണ്. തന്റെ അടുത്ത സിനിമയിൽ രേണുകയെ പാടിക്കുമെന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചു കഴിഞ്ഞു.
https://www.facebook.com/MidhunManuelThomas/videos/313452693113054/?epa=SEARCH_BOX
രേണുക പാടുന്ന വീഡിയോ പങ്കു വെച്ച് കൊണ്ട് മിഥുൻ മാനുവൽ തോമസ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ഇത് രേണുക. വയനാട്ടുകാരിയാണ്. ഒരുപാട് പിന്നാക്ക അവസ്ഥയിൽ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി. മലയാളം രണ്ടാം ഭാഷ മാത്രമായ, പണിയ ഗോത്ര വിഭാഗത്തിൽ പെടുന്ന കലാകാരി. A Village superstar. എന്റെ പാട്ടുകളുള്ള അടുത്ത സിനിമയിൽ രേണുക ഒരു പാട്ട് പാടും. ഇഷ്ടം. സ്നേഹം. സുഹൃത്തുക്കൾ വയനാട്ടിൽ നിന്നും ചെയ്തു അയച്ചു തന്ന വീഡിയോ. മേൽ പറഞ്ഞ ഗാനങ്ങൾ കൂടാതെ മറ്റു മലയാള ഗാനങ്ങളും രേണുക പാടുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കും.