തന്റെ അഭിനയമികവ് കൊണ്ടു ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ നടിയാണ് രാധിക ആപ്‌തെ. അതുപോലെ സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ് ചിത്രം മാൻഹോൾ, വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച നായികയാണ് രേണു സൗന്ദർ. ഇവർ തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധം ഒന്നും ഇല്ലെങ്കിലും, രാധിക ആപ്‌തെ അഹല്യ എന്ന ഷോർട് ഫിലിമിൽ അഭിനയിച്ചു കയ്യടി നേടിയ അതേ കഥാപാത്രത്തെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിക്കുകയാണ് ഇപ്പോൾ രേണു സൗന്ദർ. രാമായണത്തിലെ അഹല്യയുടെ കഥയുടെ ഒരു മോഡേൺ വേർഷൻ ആയിരുന്നു രാധിക ആപ്‌തെ അഭിനയിച്ച അഹല്യ എന്ന ഷോർട് ഫിലിം. ഇപ്പോൾ അഹല്യയുടെ കഥ ഇതിവൃത്തമായി ഒരുക്കിയ മലയാള ചിത്രമാണ് മാർജാര- ഒരു കല്ലു വച്ച നുണ. നവാഗതനായ രാകേഷ് ബാല ഒരുക്കിയ ഈ ചിത്രത്തിൽ അഹല്യ ആയിട്ടാണ് രേണു സൗന്ദർ എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് മാർജാരയിൽ ചെയ്തത് എന്ന് രേണു തന്നെ പ്രേക്ഷകരോട് പറയുന്നു.
ഒരു മിസ്റ്ററി ത്രില്ലർ മൂഡിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറും പ്രോമോ സോങ്ങും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വൻ പ്രതീക്ഷയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും ഈ ചിത്രത്തെ കുറിച്ചു ഇപ്പോൾ ഉള്ളത്. ഈ വരുന്ന വെള്ളിയാഴ്ച, ജനുവരി മൂന്നാം തീയതി തീയേറ്ററുകളിലെത്തുന്ന മാർജാര ഒരു കല്ലു വെച്ച നുണയിൽ ജെയ്സൺ ചാക്കോ, ഹരീഷ്പേരടി, അഭിരാമി, രാജേഷ് ശർമ, ടിനി ടോം, അഞ്ജലി നായർ, കൊല്ലം സുധി, സുധീർ കരമന എന്നിവരും അഭിനയിച്ചിരിക്കുന്നു.