സിനിമാ വ്യവസായ രംഗത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രമുഖരായ രണ്ടു കമ്പനികളാണ് റിലയൻസും ടി സീരിസും. ഒട്ടേറെ വമ്പൻ പ്രൊജെക്ടുകളാണ് വിനോദ വ്യവസായ രംഗത്ത് ഇവർ കൊണ്ട് വരുന്നത്. ഇപ്പോഴിതാ ഇവർ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. വരുന്ന മൂന്ന് വര്‍ഷത്തിനിടെ 1000 കോടി മുതല്‍മുടക്കില്‍ ചെറുതും വലുതുമായ 10 സിനിമകള്‍ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളുടെയും പ്ലാൻ എന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ നമ്മളോട് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് റെക്കോര്‍ഡ് ലേബലായ ടി സിരീസ് സിനിമാ സംഗീത മേഖലയില്‍ റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റുമായി നേരത്തേ മുതൽ തന്നെ ഒന്നിച്ചു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ആദ്യമായാണ് സിനിമാ നിർമ്മാണ മേഖലയിൽ ഇരുവരും കൈകോർക്കുന്നത്.
വന്‍ ഹിറ്റായി മാറിയ ഒരു തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക്, ആക്ഷന്‍ ത്രില്ലർ ചിത്രങ്ങൾ, ഒരുവമ്പൻ ചരിത്ര ബയോപിക്, സ്പൈ ത്രില്ലര്‍, കോര്‍ട്ട്റൂം ഡ്രാമ, സറ്റയര്‍ കോമഡി, റൊമാന്‍സ് ഡ്രാമ, യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയ ഒരു ചിത്രം എന്നിവയൊക്കെ ഇവർ ഒരുമിച്ചു നിർമ്മിക്കുന്ന പത്തു ചിത്രങ്ങളിൽ വരുന്നുണ്ട് എന്നാണ് സൂചന. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ വമ്പൻ ബജറ്റില്‍ ഒരുങ്ങുന്നവ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ നമ്മളോട് പറയുന്നു. പുഷ്‍കര്‍-ഗായത്രി, വിക്രംജീത് സിംഗ്, മംഗേഷ് ഹഡാവാലെ, ശ്രീജിത്ത് മുഖര്‍ജി, സങ്കല്‍പ് റെഡ്ഡി എന്നിവര്‍ ആണ് ഈ ചിത്രങ്ങൾ ഒരുക്കാൻ നിർമ്മാതാക്കൾ പരിഗണിക്കുന്ന സംവിധായകർ എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇതിൽ തന്നെ അഞ്ചു ചിത്രങ്ങളിൽ ഇന്ത്യയിലെ മുൻനിര താരങ്ങൾ അഭിനയിക്കുമെന്നും ആഗോള റിലീസ് ആയി ആവും ഈ അഞ്ചു ചിത്രങ്ങൾ എത്തുക എന്നും വിവരങ്ങൾ പറയുന്നു. ഏറെ ആവേശത്തോടെയാണ് തങ്ങൾ ഈ കൂട്ടായ്മയെ കാണുന്നതെന്ന് ടി സിരീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷണ്‍ കുമാറും റിലയന്‍സ് എന്‍റര്‍ടെയ്‍മെന്‍റ് ഗ്രൂപ്പ് സിഇഒ ഷിബാസിഷ് സര്‍ക്കാരും മാധ്യമങ്ങളോട് പറഞ്ഞു.