മലയാള സിനിമാ പ്രേമികൾ മാത്രമല്ല, ഇപ്പോൾ ഇന്ത്യൻ സിനിമാ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ നായകനായ ദൃശ്യം 2. ജീത്തു ജോസെഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന പത്തൊൻപതാം തീയതി ആമസോൺ പ്രൈം റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. വമ്പൻ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രം തീയേറ്റർ റിലീസിന് പോകാതെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്കു പോയതിന്റെ പേരിൽ വലിയ ചർച്ചകൾ കേരളത്തിൽ നടന്നിരുന്നു. എന്നാൽ തീയേറ്ററുകൾ എന്ന് തുറക്കുമെന്ന ഉറപ്പില്ലാതെയിരുന്ന അവസരത്തിൽ, 85 കോടി മുടക്കിയ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രവും കൂടി കയ്യിലിരിക്കെ, ദൃശ്യം 2 ഹോൾഡ് ചെയ്യാൻ സാധിക്കാതെ വന്നപ്പോഴാണ് അത് ആമസോൺ പ്രൈംമിനു കൊടുത്തതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിശദീകരിച്ചിരുന്നു. മാത്രമല്ല, ചിത്രം ആമസോണിനു കൊടുക്കാൻ കരാർ ആയതിനു ശേഷമാണു തീയേറ്ററുകൾ തുറക്കാനുള്ള തീരുമാനം സർക്കാർ എടുത്തത് എന്നതും തിരിച്ചടിയായി. ഇപ്പോഴും കേരളത്തിൽ അമ്പതു ശതമാനം മാത്രം ആളുകളെ അനുവദിച്ചു, സെക്കന്റ് ഷോ പോലും ഇല്ലാതെ തീയേറ്ററുകൾ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ ദൃശ്യം 2 പോലൊരു ചിത്രം റിലീസ് ചെയ്താൽ നിർമ്മാതാവിന് കിട്ടുന്ന വരുമാനവും വളരെ കുറവായിരിക്കുമെന്നതും കാരണമായി മാറി.
എന്നാൽ ഈ ചിത്രം ആമസോണിൽ റിലീസ് ചെയ്തു കഴിഞ്ഞും തീയേറ്ററിൽ കളിപ്പിക്കാൻ സാധ്യത ഉണ്ടോ എന്നുള്ള ചോദ്യത്തിന്, സാധ്യതയുണ്ടെന്നുള്ള ഉത്തരമാണ് മോഹൻലാൽ കഴിഞ്ഞ ദിവസം നൽകിയത്. പക്ഷെ അതിനെതിരെ ഇന്ന് രാവിലെ കേരളാ ഫിലിം ചേംബർ രംഗത്ത് വരികയും അങ്ങനെ റിലീസ് അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഈ കാര്യത്തിൽ മോഹൻലാലിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരളത്തിലെ പ്രമുഖ തീയേറ്റർ ഉടമയും നിർമ്മാതാവും വിതരണക്കാരനുമായ ലിബർട്ടി ബഷീർ. ഡിജിറ്റൽ റിലീസിന് ശേഷവും ദൃശ്യം 2 തീയേറ്റർ റിലീസിന് തയ്യാറാണ് എങ്കിൽ തങ്ങൾ ആ ചിത്രം എടുത്തു കളിപ്പിക്കുമെന്നും, അത് കാണാൻ പ്രേക്ഷകർ വരുമെന്നും ലിബർട്ടി ബഷീർ പറയുന്നു. ഈ കാര്യത്തിൽ ഫിലിം ചേംബറിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ഇളവ് ദൃശ്യം 2 എന്ന ചിത്രത്തിന് മാത്രം ആയിരിക്കുമെന്നും, മറ്റു ചിത്രങ്ങൾക്ക് ഇത് ബാധകമാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആമസോണുമായി കരാർ ആയതും തീയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചതും ഒരു ദിവസത്തെ വ്യത്യാസത്തിൽ ആയതു കൊണ്ടാണ് ദൃശ്യം 2 നു ഇളവ് അനുവദിക്കാൻ തീയേറ്റർ ഉടമകൾ തയ്യാറാവുന്നത് എന്നാണ് സൂചന.